എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയുടെ വീട്ടിലെ കിണറ്റിൽ വിഷം കലർത്തി: സ്ഥാനാർത്ഥി ആശുപത്രിയിൽ


താനൂർ നഗരസഭയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയുടെ വീട്ടിലെ കിണറ്റിൽ വിഷം കലർത്തിയതായി പരാതി. താനൂർ നഗരസഭയിലെ ഇരുപത്തിയൊന്നാം വാർഡിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഇ. കുമാരിയുടെ വീട്ടിലെ കിണറ്റിലാണ് വിഷം കലർത്തിയതായി സംശയിക്കപ്പെടുന്നത്. വെള്ളിയാഴ്ച രാവിലെയാണ് വീട്ടിലെ കിണറിൽ നിന്ന് വെള്ളം ഉപയോഗിച്ചതോടെ, ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സ്ഥാനാർഥി ഇ. കുമാരിയെ താനൂരിലെ ഗവൺമെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സ്ഥാനാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു .
അതേസമയം 11 വർഷമായി വീട്ടിലെ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്ന കിണറിൽ ഇങ്ങനെ ഒരു സംഭവം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല എന്നും കുമാരി പറഞ്ഞു. അതുകൊണ്ടുതന്നെ വീട്ടിലെ കിണറ്റിൽ വിഷം കലർത്തിയതായാണ് സൂചന. വെള്ളിയാഴ്ച രാവിലെയാണ് വീട്ടിലെ കിണറിൽ വെള്ളത്തിന് രുചി മാറ്റം ഉണ്ടതായി കണ്ടത്തിയത്.
പിന്നീട് വെള്ളം ഉപയോഗിച്ചതോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്നാണ് കുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവത്തിൽ താനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളത്തിൽ വിഷം കലർത്തിയതാണോ വെള്ളം കേട് വന്നതാണോ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ വെള്ളത്തിന്‍റെ സാമ്പിളെടുത്ത് പരിശോധനക്ക് അയച്ചിട്ടുണ്ട്.