NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

25 കോടി ലഭിച്ച ഭാഗ്യശാലി ശ്രീവരാഹം സ്വദേശി അനൂപ്; ടിക്കറ്റ് എടുത്തത് ഇന്നലെ രാത്രി

1 min read

തിരുവനന്തപുരം: തിരുവോണം ബമ്പർ (Onam Bumper Lottery Results)നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് ഓണം ബമ്പർ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. പഴവങ്ങാടിയിലെ റീട്ടെയിൽ ഔട്ട്ലെറ്റിൽ നിന്ന് ഇന്നലെ രാത്രിയാണ് അനൂപ് ടിക്കറ്റ് എടുത്തത്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ഭഗവതി ഏജൻസിക്ക് കീഴിലുള്ള ഏജൻസിയാണിത്.

ലോട്ടറി ഏജന്റ് സുജയുടെ സഹോദരനാണ് അനൂപ്. അനൂപ് എടുത്ത TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഓട്ടോ ഡ്രൈവറായ അനൂപ് ഇന്നലെ രാത്രി എട്ട് മണിക്കാണ് ഭാഗ്യക്കുറി എടുക്കുന്നത്. മുപ്പതുകാരനായ അനൂപിന്റെ വീട്ടിൽ ഭാര്യയു കുട്ടിയും അമ്മയുമാണുള്ളത്.

ടിക്കറ്റ് നിരക്ക് ഉയർത്തിയിട്ടും റെക്കോർഡ് വിൽപനയാണ് ഈ വർഷത്തെ തിരുവോണം ബമ്പർ BR 87 ഭാഗ്യക്കുറി നേടിയത്. രണ്ടാം സമ്മാനം TG 270912 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. കൊല്ലം ജില്ലയിലെ മീനാക്ഷി ലക്കി സെന്‍റർ വിറ്റഴിച്ച ടിക്കറ്റിനാണ് സമ്മാനം. മൂന്നാം സമ്മാനം TA 292922 എന്ന ടിക്കറ്റിനുമാണ് ലഭിച്ചത്. കേരള സർക്കാരിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വിൽപ്പനയാണുണ്ടായത്. വിവിധ ഘട്ടങ്ങളിലായി അച്ചടിച്ച 67.5 ലക്ഷം ടിക്കറ്റുകളാണ് വിൽപന നടത്തിയത്.

10 % ഏജൻസി കമ്മിഷനും 30 % നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണ് അനൂപിന് ലഭിക്കുക. ടിക്കറ്റിന് പിറകില്‍ ഒപ്പിട്ട് നൽകിയാൽ ഈ തുക അനൂപിന് സ്വന്തം.

ടിക്കറ്റെടുക്കുന്നവരിൽ അഞ്ച് ശതമാനം പേർക്ക് സമ്മാനം എന്ന നിലയിൽ ആകെ നാല് ലക്ഷത്തോളം പേർക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഇത്തവണ വകുപ്പ് ഓണം ബമ്പർ ക്രമീകരിച്ചിരുന്നത്. 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബമ്പറിലുണ്ട്.

Leave a Reply

Your email address will not be published.