ഇടുക്കിയിൽ നിയന്ത്രണം വിട്ട വാഹനം കിണറ്റിൽ വീണു; യുവാവിനെ രക്ഷപ്പെടുത്തി നാട്ടുകാർ


ഇടുക്കി: സേനാപതിക്ക് സമീപം മാങ്ങാത്തൊട്ടിയിൽ നിയന്ത്രണം വിട്ട വാഹനം കിണറ്റിൽ വീണു. മാങ്ങാത്തൊട്ടി സ്വദേശി ചെരുവിൽ പ്രിൻസിന്‍റെ ബൊലേറോ ജീപ്പാണ് കിണറ്റിൽ വീണത്. അപകടത്തില്‍പ്പെട്ട പ്രിന്‍സിനെ നാട്ടുകാർ രക്ഷപ്പെടുത്തി.
മാങ്ങാത്തൊട്ടി വില്ലെജ് ഓഫീസിന് സമീപം അലക്കുന്നേൽ ഗോപിയുടെ വീട്ടുവളപ്പിലെ പത്തടിയോളം ആഴമുള്ള കിണറ്റിലാണ് രാത്രിയിൽ വാഹനം വീണത്. വാഹനത്തിലുണ്ടായിരുന്ന പ്രിൻസ് പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപ്പെട്ടു. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ വാഹനത്തിന്‍റെ പുറകിലെ ചില്ല് തകർത്താണ് പ്രിൻസിനെ രക്ഷപ്പെടുത്തിയത്. ഒരു മണിക്കൂർ പണിപ്പെട്ടാണ് വാഹനം കയറ്റിയത്.