NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പൂരപ്പുഴ വള്ളംകളി; യുവരാജ ചാമ്പ്യന്മാർ

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും എന്റെ താനൂരിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് പൂരപ്പുഴ വളളം കളിക്ക് പരിസമാപ്തി. ആവേശം അണപൊട്ടി ഒഴുകിയ മൽസരത്തിൽ താനാളൂർ ഗ്രാമപഞ്ചായത്ത് സ്പോൻസർ ചെയ്ത യുവരാജ കിരീടം ചൂടി. ഒഴൂർ അഷ്കർ കോറാട് സ്പോൺസർ ചെയ്ത കായൽ പടയാണ് റണ്ണറപ്പ്. യുവധാര മൂന്നാം സ്ഥാനവും പുളിക്ക കടവൻ നാലാം സ്ഥാനവും കരസ്ഥമാക്കി.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആദ്യ സെമിയിൽ പുളിക്ക കടവനും കായൽ പടയും ഫിനിഷിങ്ങിൽ തുല്യത പാലിച്ചതിനാൽ മത്സരം വീണ്ടുമരങ്ങേറി. ഇരു ടീമുകളും ഏറ്റുമുട്ടിയ രണ്ടാമങ്കത്തിൽ കായൽ പട ഫൈനലിൽ പ്രവേശിച്ചു. രണ്ടാം സെമിയിൽ യുവധാരയും യുവരാജയും നേർക്കുനേർ വന്നപ്പോൾ യുവരാജക്കായിരുന്നു വിജയം. തുടർന്ന് നടന്ന ആവേശോജ്ജ്വലമായ ഫൈനലിൽ കായൽ പടയെ മലർത്തിയടിച്ച് യുവരാജ ചാമ്പ്യന്മാരായി.
അര ലക്ഷം രൂപയാണ് ഒന്നാം സ്ഥാനം നേടിയ ടീമിന് സമ്മാനം. 25,000 രൂപ രണ്ടാം സ്ഥാനക്കാർക്കും, 15,000 രൂപ മൂന്നാം സ്ഥാനക്കാർക്കും, 10,000 രൂപ നാലാം സ്ഥാനക്കാർക്കും ലഭിച്ചു. വിജയികളായവർക്ക് ട്രോഫികളും, പങ്കെടുത്ത മുഴുവൻ ടീമുകൾക്കും മൊമന്റോകളും സമ്മാനിച്ചു.
സ്ത്രീകളും കുട്ടികളുമുൾപ്പടെ നൂറുകണക്കിനാളുകളാണ് മത്സരം കാണാൻ ഇരുകരകളിലുമായി ഒഴുകിയെത്തിയത്. മൂന്നാമത് താനൂർ ഓട്ടുംപുറം പൂരപ്പുഴ വള്ളം കളി മത്സരത്തിൽ 12 മൈനർ വള്ളങ്ങളാണ് മത്സരിക്കാനെത്തിയത്. ബിയ്യം ജലമഹോത്സവത്തിൽ മത്സര രംഗത്തുണ്ടായിരുന്ന പുളിക്കകടവൻ, സൂപ്പർജറ്റ്, യുവരാജ, പാർത്ഥസാരഥി, വജ്ര, നാട്ടുകൊമ്പൻ, കൊച്ചുകൊമ്പൻ, വടക്കുംനാഥൻ, കായൽപട, ഗരുഡ, കായൽകുതിര, യുവധാര എന്നീ വള്ളങ്ങളാണ് പൂരപ്പുഴയുടെ ഓളങ്ങളെ ഇളക്കിമറിച്ചത്. 12 പേർ വീതമടങ്ങുന്ന തുഴച്ചിൽ അംഗങ്ങളാണ് ഓരോ വള്ളത്തിലും ഉണ്ടായിരുന്നത്.
മൂന്നാം തവണയാണ് താനൂരിലെ പൂരപ്പുഴ വള്ളംകളിക്ക് വേദിയാകുന്നത്. 2017ൽ ആരംഭിച്ച വള്ളംകളി 2019ലും നടത്തി. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നടത്താനായില്ല. ആദ്യ വർഷം 9 വള്ളങ്ങളും, രണ്ടാം തവണ 11 വള്ളങ്ങളുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ഇത്തവണ 12 വള്ളങ്ങൾ മത്സരിക്കാൻ എത്തിയത്. 2017ൽ നിറമരുതൂർ പഞ്ചായത്ത് സ്പോൺസർ ചെയ്ത പാർത്ഥ സാരഥിയാണ് ചരിത്ര വിജയം കൈവരിച്ചത്. 2019ൽ പാട്ടരകത്ത് ചുണ്ടൻ സ്പോൺസർ ചെയ്ത യുവധാര പുറത്തൂരും ജേതാക്കളായി.
എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തോടനുബന്ധിച്ച് ഒരു മിനിറ്റ് ദുഃഖമാചരിച്ചാണ് വള്ളംകളി തുടങ്ങിയത് . ഔദ്യോഗിക ദുഃഖാചരണം നിലനിന്നതിനാൽ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് പരിപാടിയിൽ സംബന്ധിക്കാൻ സാധിച്ചില്ല.
വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം സിനിമാ താരവും മിസ് കേരളയുമായ അനുപ്രശോഭിനി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ തിരൂർ അർബൻ ബാങ്ക് ചെയർമാൻ ഇ. ജയൻ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.