സൈറസ് മിസ്ത്രിയുടെ മരണം; ബെന്‍സ് കാറിലെ ചിപ്പ് പരിശോധനയ്ക്ക് ജര്‍മ്മനിയിലേക്ക് അയക്കും


ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ അപകടമരണത്തിലേക്ക് നയിച്ച മെഴ്സിഡസ് ബെന്‍സിന്റെ ഡാറ്റാ ചിപ്പ് പരിശോധനയ്ക്കായി ജര്‍മ്മനിയിലേക്ക് അയക്കുമെന്ന് പൊലീസ്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് കൃത്യമായ വ്യക്തത ലഭിക്കാന്‍ ഇത് സഹായകമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ പാല്‍ഘര്‍ ചാരോട്ടിയില്‍ വച്ചായിരുന്നു സൈറസ് മിസ്ത്രി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. സൂര്യാ നദിക്ക് മുകളിലുള്ള പാലത്തിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു
പ്രസക്തമായ വിവരങ്ങള്‍ ചിപ്പ് പരിശോധിക്കുന്നതിലൂടെ ലഭ്യമാകുമെന്ന് പാല്‍ഘര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ബാലാസാഹേബ് പാട്ടീല്‍ പറഞ്ഞു. ടയറുകളുടെ മര്‍ദ്ദം, അപകടസമയത്തെ വേഗം, സ്റ്റിയറിങ് വീല്‍, സീറ്റ് ബെല്‍റ്റുകളുടെയും എയര്‍ ബാഗുകളുടെയും പ്രവര്‍ത്തനം, കാറിന്റെ മറ്റു തകരാറുകള്‍ എന്നീ വിവരങ്ങളും ലഭിക്കും.
മിസ്ത്രി സഞ്ചരിച്ച കാര്‍ 20 കിലോമീറ്റര്‍ പിന്നിട്ടത് ഒന്‍പത് മിനിറ്റിലാണെന്ന് ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. മരിച്ച സൈറസ് മിസ്ത്രിയും മരിച്ച ജെഹാംഗീര്‍ പണ്ടോളെയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് കണ്ടെത്തല്‍. കാറിന് പിറകിലെ എയര്‍ ബാഗുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.