വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുതവരന് അറസ്റ്റില്‍


വിവാഹ നിശ്ചയം കഴിഞ്ഞ് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശുത്രവരന് അറസ്റ്റില്‍. തൃക്കളിയൂര്‍ സ്വദേശിനി മന്യ (22) ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരന് അശ്വിനെ (26) നെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യപ്രേരണകുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ ജൂണിലായിരുന്നു മന്യയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിശ്രുതവരന് മന്യയെ മാനസിക പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തുകയായിരുന്നു.
മന്യയും അശ്വിനും തമ്മില്‍ എട്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു. 2021 സെപ്റ്റംബറില്‍ ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ജോലിക്കായി വിദേശത്ത് എത്തിയ അശ്വിന് മന്യയുമായി ഫോണില്‍ സംസാരിച്ച് തെറ്റിപിരിഞ്ഞിരുന്നു. തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു.
വിവാഹത്തില്‍ നിന്ന് അശ്വിന് പിന്മാറിയതില് മനംനൊന്ത് മന്യ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മന്യയുടെ ഫോണ്‍ പരിശോധിച്ചതില്‍ ഇരുവരുടേയും ശബ്ദ സന്ദേശങ്ങളും മറ്റു വിവരങ്ങളും പോലീസിന് ലഭിച്ചു. വിദേശത്തുനിന്ന് മടങ്ങിയെത്തിയ അശ്വിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.