NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ലോകായുക്താ നിയമ ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍; എതിര്‍ക്കാനുറച്ച് പ്രതിപക്ഷം

ലോകായുക്ത നിയമഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. മുഖ്യമന്ത്രി, മന്ത്രിമാര്‍ , അധികാര സ്ഥാനങ്ങളിലുള്ള പൊതുപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കിടയിലെ അഴിമതി തടയാനുള്ള ലോകായുക്തയുടെ അധികാരം ഗവര്‍ണറിലേക്കും മുഖ്യമന്ത്രിയിലേക്കും ചീഫ് സെക്രട്ടറിയിലേക്കും നിക്ഷിപ്തമാക്കുന്ന നിയമഭേദഗതി ഓര്‍ഡിനന്‍സായി കൊണ്ടുവന്നപ്പോള്‍ തന്നെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഓര്‍ഡിനന്‍സിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ അത് വീണ്ടും നീട്ടുന്നതിനായി ഗവര്‍ണര്‍ ഒപ്പിടാതിരുന്നതോടെ ഭേദഗതി അസാധുവായി. ഇതേ തുടര്‍ന്നാണ് പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. എംഎല്‍എമാര്‍ക്കെതിരെ ലോകായുക്ത വിധി വന്നാല്‍ സ്പീക്കറും, മന്ത്രിമാര്‍ക്കതിരെ വന്നാല്‍ മുഖ്യമന്ത്രിയും ,മുഖ്യമന്ത്രിക്കെതിരെ വന്നാല്‍ നിയമസഭയും വിഷയം പരിശോധിക്കുമെന്നാണ് പുതിയ നിയമം.

 

ഭേദഗതിയോട് സിപിഐക്കും വ്യത്യസ്ത അഭിപ്രായം ഉണ്ട്. ശക്തമായ വിയോജിപ്പ് സഭാ തലത്തിലുയര്‍ത്താനാണ് പ്രതിപക്ഷ തീരുമാനം. ബില്‍ സഭ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിടുമോ എന്ന് വ്യക്തമല്ല. സഹകരണസംഘ നിയമഭേദഗതി, മാരിടൈം ബോര്‍ഡ് ഭേദഗതി, ഉള്‍പ്പെടെ ആറു നിയമനിര്‍മാണങ്ങള്‍ ഇന്ന് സഭ പരിഗണിക്കും.

ലോകായുക്ത ഭേദഗതി ബില്‍ ബുധനാഴ്ച അവതരിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. അതേസമയം സര്‍വകലാശാലകളിലെ വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന ബില്‍ നാളെ അവതരിപ്പിക്കും.

ഇന്നും നാളെയുമായി 12 ബില്ലുകളാണ് നിയമസഭ പരിഗണിക്കുക. അതേസമയം ഓഗസ്റ്റ് 25,26, സെപ്റ്റംബര്‍ 2 എന്നീ തിയതികളില്‍ സഭ ചേരില്ല. പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്നലെയാണ് ആരംഭിച്ചത്. ഗവര്‍ണര്‍ ഒപ്പിടാത്തതിനെത്തുടര്‍ന്ന് 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായ സാഹചര്യത്തിലാണ് നിയമ നിര്‍മാണത്തിനായി പത്ത് ദിവസത്തെ പ്രത്യേക സമ്മേളനം ചേരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *