സ്കൂൾ കുട്ടികൾക്ക് ഹാൻസ് വിൽപന : പരപ്പനങ്ങാടിയിൽ യുവാവ് അറസ്റ്റിൽ


പരപ്പനങ്ങാടി : സ്കൂൾ കുട്ടികൾക്ക് ഹാൻസ് കച്ചവടം നടത്തുന്നതിനിടയിൽ യുവാവ് പിടിയിലായി. കാട്ടിൽ പീടിയേക്കൽ മുഹമ്മദ് ആസിഫ് (32) എന്നയാളെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
ചിറമംഗലം ഭാഗത്ത് സ്കൂൾ കുട്ടികൾക്ക് കച്ചവടം നടത്തുന്നതിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 20 ഓളം പായ്ക്കറ്റ് ഹാൻസും പോലീസ് പിടിച്ചെടുത്തു.
ഹാൻസ് കച്ചവടം നടത്തിയതിന് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ 13 കേസുകളും തിരൂർ RDO കോടതിയിൽ മറ്റൊരു കേസും നിലവിലുണ്ട്. ചോദ്യം ചെയ്യലിൽ കോയമ്പത്തുരിൽ നിന്നാണ് ഹാൻസ് കൊണ്ടുവരുന്നതെന്നും സ്കൂൾ കുട്ടികൾക്ക് കച്ചവടം നടത്തിയിരുന്നതായും ഇയാൾ സമ്മതിച്ചതായും പോലീസ് പറഞ്ഞു.
പായ്ക്കറ്റ് ഒന്നിന് 50 രൂപ നിരക്കിലാണ് വിൽപന നടത്തിയിരുന്നത്. പരപ്പനങ്ങാടി സി.ഐ. ഹണി കെ ദാസ്, പോലീസുകാരായ രഞ്ചിത്ത്, മഹേഷ്, ദിവ്യ, സിന്ധുജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ഇയാൾക്ക് കോയമ്പത്തുരിൽ നിന്നും ഹാൻസ് കൊണ്ടുവന്നു നൽകുന്നയാളെ കുറിച്ചും അന്വേഷണം നടന്നു വരുന്നതായി പരപ്പനങ്ങാടി പോലീസ് അറിയിച്ചു.
പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.