ഷാജഹാന് വധം; രണ്ട് പേര്‍ പിടിയില്‍, പ്രത്യേക സംഘത്തിന്റെ അന്വേഷണം ഊര്‍ജ്ജിതം


പാലക്കാട് മലമ്പുഴയിലെ സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകത്തില്‍ രണ്ടു പേര്‍ പിടിയില്‍. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളും കൊലയാളികളെ സഹായിച്ചയാളുമാണ് പിടിയിലായത്. ഒളിവില്‍ കഴിയവെയാണ് ഇരുവരും പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
അതേസമയം കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. പാലക്കാട് ഡി വൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തില്‍ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും.
പൊലീസ് തയ്യാറാക്കിയ എഫ്ഐആറില്‍ എട്ട് പ്രതികളുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. ഷാജഹാന്റെ സുഹൃത്തും പാര്‍ട്ടി അംഗവുമായ സുകുമാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ തയ്യാറാക്കിയത്. കൊലപാതകം രാഷ്ട്രീയ വിരോധം മൂലമാണെന്നും പ്രതികള്‍ ബിജെപി അനുഭാവികളാണെന്നും എഫ്ഐ ആറില്‍ പറയുന്നു.
ശബരീഷ്, അനീഷ്, നവീന്‍, ശിവരാജന്‍, സിദ്ധാര്‍ത്ഥന്‍, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരാണ് പ്രതികള്‍. ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേര്‍ന്നാണ് ഷാജഹാനെ വെട്ടിയത്. മറ്റ് 6 പേര്‍ കൊലയ്ക്ക് സഹായം ചെയ്തു കൊടുത്തുവെന്നും പൊലീസ് വ്യക്തമാക്കുന്നു. പ്രതികളിൽ ചിലര്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ നേരത്തെ ജയില്‍ശിക്ഷ അനുഭവിച്ചവരാണെന്നും പൊലീസ് പറയുന്നു.
ജില്ലാ പൊലീസ് മേധാവി നേരിട്ടാണ് അന്വേഷണ പുരോഗതി വിലയിരുത്തുന്നത്. അതേസമയം ഷാജഹാന്റെ ശരീരത്തില്‍ പത്ത് വെട്ടുകളേറ്റിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കാലിലും കഴുത്തിലും ആഴത്തിലുള്ള വെട്ടേറ്റിരുന്നു. ഇതാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
ഇടത് കാലിനും കയ്യിനുമാണ് വെട്ടേറ്റത്. ഷാജഹാന്റെ കയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നു. മുറിവുകളില്‍ നിന്ന് അമിത രക്തസ്രാവം ഉണ്ടായി എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഞായറാഴ്ച രാത്രിയാണ് ഷാജഹാന് നേരെ ആക്രമണമുണ്ടായത്. സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് വെട്ടിയതെന്നാണ് ദൃക്‌സാക്ഷി പറഞ്ഞത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎമ്മിന്റെ ആരോപണം.