ഇടുക്കി ഡാം തുറന്നു; 50ഘനയടി വെള്ളം ഒഴുക്കിവിടുന്നു, പെരിയാര്‍ തീരത്ത് ജാഗ്രത


ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ഡാം തുറന്നു. ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്ന് സെക്കന്‍ഡില്‍ 50 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. ചട്ടപ്രകാരം മൂന്ന് തവണ സൈറണ്‍ മുഴക്കിയ ശേഷം രാവിലെ പത്ത് മണിയോടെ ഡാം തുറന്നത്.
2384.10 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 70 മീറ്ററാണ് ഷട്ടറാണ് ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസം ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഡാം തുറന്നാലും പെരിയാര്‍ തീരത്തുള്ളവരുടെ വീടുകളിലേക്കൊന്നും വെള്ളം കയറില്ലെന്നാണ് ജില്ല ഭരണകൂടം വിലയിരുത്തുന്നത്. പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അടിയന്തര സാഹചര്യമുണ്ടായാല്‍ മാറ്റിപ്പാര്‍പ്പിക്കേണ്ട 79 കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഇതിനായി 29 ക്യാമ്പുകള്‍ സജ്ജമാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിനും വ്യക്തമാക്കി.
അതേസമയം ഇടമലയാര്‍ അണക്കെട്ടിലും ജല നിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ജലനിരപ്പ് 162 മീറ്റര്‍ പിന്നിട്ടു. ഇതേ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അര മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ ഇന്ന് വൈകീട്ട് ആറ് മണിയോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.