പൾസർ സുനിക്കൊപ്പമുള്ള ദിലീപിന്റെ ചിത്രം യഥാർത്ഥം; ശ്രീലേഖ ഐപിഎസ് ന്റെ വാദം തള്ളി ഫോട്ടോഗ്രാഫർ


നടിയെ ആക്രമിച്ച കേസിൽ വിചാരണ നേരിടുന്ന പ്രതികളായ പൾസർ സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രം വ്യാജമാണെന്ന ആരോപണവുമായി മുൻ ഡിജിപി ആർ ശ്രീലേഖ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. എന്നാൽ ആർ ശ്രീലേഖയുടെ വാദത്തെ തള്ളുകയാണ് ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ.
ചിത്രത്തിൽ ഒരു തരത്തിലുള്ള കൃത്രിമത്വവും നടന്നിട്ടില്ലെന്നും ആ ഫോട്ടോ യഥാർത്ഥമാണെന്നും ചിത്രമെടുത്ത ബിദിൽ മാധ്യമങ്ങളോട് പറഞ്ഞു. നടൻ എന്ന നിലയിൽ ദിലീപിനെ കണ്ടപ്പോൾ എടുത്ത ചിത്രമാണത്. എടുത്ത ഉടൻ തന്നെ സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. നാളുകൾക്ക് ശേഷം വാർത്തയിൽ കണ്ടപ്പോഴാണ് ആ ചിത്രത്തിൽ ദിലീപിനൊപ്പം ഉണ്ടായിരുന്നത് പള്‍സർ സുനി ആയിരുന്നെന്ന് താൻ അറിഞ്ഞതെന്നും ബിദിൽ പറഞ്ഞു.
ടെന്നീസ് ക്ലബ്ബിൽ ബാർമാനായി ജോലി ചെയ്യുമ്പോളായിരുന്നു സംഭവം. പിന്നീട് അന്വേഷണത്തിനെത്തിയപ്പോൾ
ആ ചിത്രങ്ങൾ ഇപ്പോഴും ഫോണിൽ ഉണ്ടോയെന്ന് പോലീസ് തിരക്കിയിരുന്നു. അതേ തുടർന്ന് ഫോണ്‍ പരിശോധിച്ചപ്പോളാണ് സി.ഐ ചിത്രം കണ്ടെടുത്തത്. ഇതിനേക്കുറിച്ച് കോടതിയിൽ പറഞ്ഞിട്ടുണ്ടെന്നും ഫോൺ സമർപ്പിച്ചിട്ടുണ്ടെന്നും ബിദിൽ വ്യക്തമാക്കി.