സ്‌കൂളിലേക്ക് പോയ അഞ്ചാം ക്ലാസുകാരിയെ കാണാതായി; തിരച്ചിലിനൊടുവിൽ 16 കാരനൊപ്പം സിനിമാ തിയേറ്ററിൽ കണ്ടെത്തി.


കണ്ണൂർ: രാവിലെ വീട്ടിൽ നിന്ന് വാനിൽ സ്‌കൂളിലേക്ക് പോയ അഞ്ചാം ക്ലാസുകാരിയെ കാണാതായി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ സിനിമാ തിയേറ്ററിൽ നിന്ന് 16 കാരനൊപ്പം കണ്ടത്തി. കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂളിൽ പഠിക്കുന്ന അഞ്ചാം ക്ലാസ് വിദ്യാർഥിനിയെയാണ്. ചൊവ്വാഴ്ച രാവിലെ മുതൽ കാണാതായത്.
അധ്യാപകരും കണ്ണൂർ സിറ്റി പോലീസും നടത്തിയ തെരച്ചിലിനൊടുവിലാണ് കണ്ണൂരിലെ തിയേറ്ററിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ 16 കാരനൊപ്പമാണ് വിദ്യാർഥിനി മുങ്ങിയത്. താൻ സ്വന്തമായി വളർത്തിയ മുയലുകളെ വിറ്റ കാശുകൊണ്ടാണ് കണ്ണൂരിലെത്തിയതെന്ന് 16 കാരൻ പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച രാത്രി വിദ്യാർഥിനി ക്ലാസ് ടീച്ചർക്ക് ഒരു മെസ്സേജ് അയച്ചിരുന്നു.
പനിയായതിനാൽ പിറ്റേന്ന് അവധിയായിരിക്കുമെന്നായിരുന്നു മെസേജ്. എന്നാൽ, പിറ്റേന്ന് വിദ്യാർഥിനി സാധാരണ പോലെ വീട്ടിൽ നിന്ന് സ്കൂൾ വാനിൽ കയറി സ്‌കൂളിന്റെ മുന്നിൽ ഇറങ്ങി. തുടർന്ന് ഇവിടെ കാത്തുനിന്ന 16 കാരനൊപ്പം കൂടി. കനത്ത മഴയായതിനാൽ സിനിമ കാണാൻ ഇരുവരും തിയറ്ററിൽ എത്തി. അവിടുത്തെ, ശുചിമുറിയിൽ വച്ച് യൂണിഫോം മാറി കൈയിൽ കരുതിയിരുന്ന മറ്റൊരു വസ്ത്രം ധരിച്ചാണ് പെൺകുട്ടി സിനിമക്ക് കയറിയത്.
വിദ്യാർഥിനി സ്‌കൂളിന്റെ മുമ്പിൽ വാൻ ഇറങ്ങുന്നത് കണ്ട സഹപാഠിയാണ് കുട്ടി മുങ്ങിയ കാര്യം അധ്യാപകരെ അറിയിച്ചത്. പരിഭ്രാന്തരായ സ്‌കൂൾ അധികൃതർ കണ്ണൂർ സിറ്റി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസും പി.ടി.എ അംഗങ്ങളും മണിക്കൂറുകളോളം നടത്തിയ തെരച്ചിലിലാണ് വിദ്യാർഥിനിയെ 16 കാരനൊപ്പം കണ്ടെത്തിയത്.