NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വ്യക്തമായ കാരണങ്ങളില്ലാതെ വിജയ് ബാബുവിനെ പുറത്താക്കാനാകില്ല; കോടതി വിധിക്കു ശേഷം തീരുമാനം: AMMA ഭാരവാഹികൾ

കൊച്ചി: വ്യക്തമായ കാരണങ്ങളില്ലാതെ നടൻ വിജയ്ബാബുവിനെ പുറത്താക്കാനാവില്ലെന്ന് അമ്മ നേതൃത്വം. എക്സിക്യൂട്ടിവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളാണ് വിജയ്ബാബു. അദ്ദേഹത്തിനെതിരേ നടപടിയെടുക്കുന്നതിന് ചട്ടമുണ്ട്. അതനുസരിച്ചേ പ്രവർത്തിക്കാനാകൂ. വിവിധ ക്ലബ്ബുകളിൽ അംഗമായ അദ്ദേഹത്തെ മറ്റു ക്ലബ്ബുകൾ പുറത്താക്കിയിട്ടില്ലെന്നും അമ്മയും ഒരു ക്ലബ്ബാണെന്നും ഇടവേള ബാബു പറഞ്ഞു.

അതേസമയം നടൻ ഷമ്മി തിലകനെതിരേ നടപടിയെടുക്കാൻ അമ്മ ജനറൽ ബോഡി യോഗം എക്സിക്യൂട്ടിവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും പ്രസിഡന്റ് മോഹൻലാൽ, ഇടവേള ബാബു, സിദ്ധിഖ് തുടങ്ങിയവർ പറഞ്ഞു. അതിനിടയിൽ ദിലീപിനെ പുറത്താക്കിയിരുന്നല്ലോ എന്ന ചോദ്യത്തിന് ദിലീപിനെ പുറത്താക്കണമെന്ന് അന്ന് എടുത്ത തീരുമാനം തെറ്റെന്നായിരുന്നു പ്രതികരണം.

വിജയ് ബാബു വിഷയത്തിൽ അമ്മയിലെ പരാതി പരിഹാര സെല്ലിൽ നിന്ന് രാജിവെച്ചവരുടെ രാജി സ്വീകരിച്ചതായി ഇടവേള ബാബു അറിയിച്ചു. AMMAയിൽ എക്സിക്യൂട്ടീവ് അംഗമായിരുന്നു വിജയ് ബാബു. ആരോപണം വന്നതിനെ തുടർന്ന് സംഘടനയ്ക്ക് കത്ത് നൽകി രാജിവെച്ചിരുന്നു. നിലവിൽ സംഘടനയിൽ അംഗമാണ് വിജയ് ബാബു.

കൊച്ചിയിൽ ചേർന്ന AMMAയുടെ വാർഷിക ജനറൽ ബോഡി അവസാനിച്ചു. ഇതിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിജയ് ബാബു, ഷമ്മി തിലകൻ എന്നിവരുടെ വിഷയത്തിൽ സംഘടനയുടെ നിലപാട് ഭാരവാഹികൾ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *