രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി സര്‍വീസിന് തുടക്കം; സർവീസ് അനുമതി വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ കമ്പനിക്ക്
1 min read

ഭാരത് ഗൗരവ് പദ്ധതിക്ക് കീഴിൽ രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി സർവീസ് ആരംഭിച്ചു. കോയമ്പത്തൂർ-ഷിർദി പാതയിൽ ചൊവ്വാഴ്ചയാണ് സർവീസ് ആരംഭിച്ചത്. വിവാദ ലോട്ടറി വ്യവസായായിരുന്ന സാന്റിയാഗോ മാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസ് പ്രൈവറ്റ് ലിമിറ്റഡിന് കഴീലുള്ള സൗത്ത് സ്റ്റാർ റെയിൽ എന്ന കമ്പനിക്കാണ് സർവീസ് നടത്താൻ അനുമതി ലഭിച്ചത്.
രണ്ട് വർഷത്തെ കരാറാണ് നൽകിയിരിക്കുന്നത്. 20 കോച്ചുകളുള്ള തീവണ്ടിയുടെ വാടക ഒരു കോടി രൂപയാണ്. ഇതിൽ നിന്ന് ഒരു വർഷം 3.34 കോടി രൂപയോളം റെയിൽവേക്ക് വരുമാനമായി ലഭിക്കും.ചൊവ്വാഴ്ച വൈകീട്ട് ആറിന് കോയമ്പത്തൂർ നോർത്തിൽ നിന്ന് ഷിർദിയിലേക്ക് പുറപ്പെടുന്ന വണ്ടി തിരികെ കോയമ്പത്തൂർ എത്തുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും, ചരിത്ര സ്ഥലങ്ങളും ലോകത്തിന് പരിചയപ്പെടുത്തുക എന്നതാണ് ഭാരത് ഗൗരവ് ട്രെയിനുകളുടെ ലക്ഷ്യം. ഭാരത് ഗൗരവ് പദ്ധതി നിലവിൽ വന്നതോടെ ഐആർസിടിസി നടത്തുന്ന ടൂർ പാക്കേജ് തീവണ്ടികളും ഇനി മുതൽ ഈ പദ്ധതിയുടെ ഭാഗമായി മാറുമെന്ന് റെയിൽവേ വ്യക്തമാക്കി.
രണ്ട് തരം ടിക്കറ്റ് നിരക്കാണ് ഈ സർവീസിൽ അനുവദിച്ചിട്ടുള്ളത്. സ്വന്തമായി ടിക്കറ്റെടുക്കുന്നവർക്ക് സ്ലീപ്പർ 2500, തേർഡ് ക്ലാസ് എസി 5000, സെക്കൻഡ് ക്ലാസ് എസി 7000, ഫസ്റ്റ് ക്ലാസ് എസി 10000 രൂപ എന്നിങ്ങനെയാണ് നിരക്ക്. പാക്കേജ് ആണ് സ്വീകരിക്കുന്നതെങ്കിൽ ഇത് 4999, 7999, 9999, 12999 എന്നീ നിരക്കുകളിലേക്ക് മാറും. പാക്കേജ് സ്വീകരിക്കുന്നവർക്ക് പ്രത്യേക സേവനങ്ങൾ ലഭിക്കും.