NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോഴിക്കോട് സി.പി.എമ്മിന്റെ ഓഫീസിന് തീയിട്ടു; ഫര്‍ണീച്ചറുകള്‍ കത്തിനശിച്ചു, കേസെടുത്ത് പൊലീസ്‌

കോഴിക്കോട് സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് കത്തി നശിച്ച നിലയില്‍ പേരാമ്പ്രയിലെ വാല്യക്കോട് ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് ഇന്നലെ രാത്രിയാണ് തീയിട്ടത്. ഓഫീസിലെ ഫര്‍ണീച്ചറുകളും ഫയലുകളും കത്തി നശിച്ചു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെങ്കിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വഴിയാത്രക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ആരാണ് തീയിട്ടതെന്ന് വ്യക്തമല്ല. എന്നാല്‍ സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ യൂത്ത് കോണ്‍ഗ്രസ് പര്വര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ വ്യാപകമാവുകയാണ്.

കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം ഉണ്ടായിരുന്നു. കുറ്റ്യാടി അമ്പലക്കുളങ്ങരയിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറിഞ്ഞു. ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകളും വാതിലുകളും തകര്‍ന്നു. കോഴിക്കോട് ഏറാമല കുന്നുമ്മക്കര കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരേയും മണ്ണൂരിലും കൊയിലാണ്ടിയിലും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി.

അതേസമയം കോഴിക്കോട് തിക്കോടിയിലെ സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യത്തില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 143, 146, 147 വകുപ്പുകള്‍ പ്രകാരം പയ്യോളി പൊലീസാണ് കേസെടുത്തത്. എന്നാല്‍ എഫ്ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം രാത്രി തിക്കോടി ടൗണിലാണ് പ്രതിഷേധം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് സിപിഎമ്മിന്റെ കൊലവിളി മുദ്രാവാക്യം. സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് തിക്കോടി മണ്ഡലം പ്രസിഡന്റ് രാജീവന്‍ നല്‍കിയ പരാതിയിലാണ് കേസ്.

Leave a Reply

Your email address will not be published.