NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൂളിമാട് പാലം തകര്‍ന്ന സംഭവം; ഉദ്യോഗസ്ഥര്‍ക്കും കരാര്‍ കമ്പനിക്കും വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്‌

കോഴിക്കോട് കൂളിമാട് നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്ന സംഭവത്തില്‍ കരാര്‍ കമ്പനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. നിര്‍മാണം നടക്കുമ്പോള്‍ പദ്ധതിയുടെ ചുമതലയുള്ള അസി.എക്സിക്യൂട്ടീവ് എന്‍ജിനീയറും അസി.എന്‍ജിനീയറും സ്ഥലത്തുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥര്‍ അവിടെ ഇല്ലാതിരുന്നത് ഗുരുതര വീഴ്ചയാണെന്നാണ് റിപ്പോര്‍ട്ട്.

പാലത്തിന്റെ ബീമുകള്‍ തകര്‍ന്നതിനെ കുറിച്ച് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സ്പാന്‍ ഉറപ്പിക്കുമ്പോള്‍ കരാര്‍ കമ്പനിയുടെ എഞ്ചിനീയര്‍മാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്നും സുരക്ഷ ഉറപ്പാക്കുന്നതില്‍ നിര്‍മാണ കമ്പനിക്കും വീഴ്ച സംഭവിച്ചെന്നും വിജിലന്‍സ് പറയുന്നു.

ഹൈഡ്രോളിക് ജാക്കിയുടെ പ്രവര്‍ത്തനം ഉറപ്പാക്കിയില്ല. ഇതാണ് സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇരു വിഭാഗത്തിന്റെയും വീഴ്ചകള്‍ എണ്ണിപ്പറയുന്ന റിപ്പോര്‍ട്ട് പൊതുമരാമത്ത് സെക്രട്ടറിക്ക് കൈമാറി. ഇത് പരിശോധിച്ച് ഉടന്‍ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് സെക്രട്ടറി അജിത്ത് കുമാര്‍ അറിയിച്ചു.

അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രം പാലത്തിന്റെ നിര്‍മാണം പുനരാരംഭിച്ചാല്‍ മതിയെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദ്ദേശിച്ചിരുന്നത്. ചാലിയാറിന് കുറുകെയുള്ള കൂളിമാട് കടവ് പാലത്തിന്റെ മൂന്ന് പ്രധാന ബീമുകളാണ് നിര്‍മാണത്തിനിടെയില്‍ തകര്‍ന്നുവീണത്. നിര്‍മാണത്തില്‍ അപാകതയില്ലെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നുമായിരുന്നു ഊരാളുങ്കല്‍ സൊസൈറ്റിയുടെ വിശദീകരണം.

 

Leave a Reply

Your email address will not be published. Required fields are marked *