14കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം


നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് പോക്‌സോ കേസില്‍ ജീവപര്യന്തം കഠിന തടവ്. പത്തനംതിട്ട മൈലപ്ര സ്വദേശി സനല്‍ കുമാറിനാണ് എറണാകുളം പോക്‌സോ കോടതി തടവും പിഴയും വിധിച്ചത്. 14 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലാണ് വിധി. ജഡ്ജി കെ. സോമനാണ് ശിക്ഷ വിധിച്ചത്. 1,25,000 രൂപയാണ് പിഴ.
തട്ടിക്കൊണ്ടുപോയതിന് പത്തുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും പീഡനത്തിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 2013ലാണ് കേസിനാസ്പദമായ സംഭവം. പ്രതി പെണ്‍കുട്ടിയെ എറണാകുളത്ത് നിന്ന് തട്ടിക്കൊണ്ടു പോയി പഴനിയിലെ ലോഡ്ജില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. ഒന്നിലധികം തവണ പീഡിപ്പിച്ചെന്നാണ് കേസ്.
പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പിതാവ് നല്‍കിയ പരാതിയില്‍ കളമശ്ശേരി പൊലീസാമ് കേസെടുത്തത്. നാല് ദിവസത്തിനു ശേഷം പ്രതിയെയും പെണ്‍കുട്ടിയെയും കണ്ടെത്തിയെങ്കലും ജാമ്യത്തിലറങ്ങിയ പ്രതി ഒളിവില്‍ പോയിരുന്നു. പിന്നീട് മരട് പൊലീസ് റജിസ്റ്റര്‍ ചെയ്ത വിവാഹത്തട്ടിപ്പു കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞപ്പോഴാണ് ഇയാള്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ പരിചയപ്പെട്ടത്.
സുനി ദിലീപിനെ വിളിച്ച മൊബൈല്‍ ഒളിപ്പിക്കാന്‍ സഹായിച്ചത് സന്ല്‍ കുമാറാണ്. ഈ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സനല്‍ കുമാറിനെ നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ത്തു.
കളമശേരി ഇന്‍സ്‌പെക്ടര്‍ എം.ബി.ലത്തീഫാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ.ബിന്ദു, അഡ്വ.സരുണ്‍ മാങ്കറ എന്നിവരാണ് ഹാജരായത്.