തൃക്കാക്കരയിൽ ആവേശത്തോടെ വോട്ടർമാർ: ഇതുവരെ 24.03 % പോളിംഗ്


കൊച്ചി: ഒരുമാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ തൃക്കാക്കരയിൽ പോളിംഗ് പുരോഗമിക്കുന്നു. രാവിലെ 7 മണി മുതൽ വോട്ടെടുപ്പ് തുടങ്ങി. പല ബൂത്തുകളിലും രാവിലെ തന്നെ നീണ്ട ക്യൂ ദൃശ്യമായി. ഇതുവരെ 24.03 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്.
1,96,805 വോട്ടർമാരാണ് തൃക്കാക്കരയിൽ ഇന്ന് വിധിയെഴുതുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണൽ. മണ്ഡലത്തിൽ വോട്ടുള്ള ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫും യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസും രാവിലെ വോട്ട് ചെയ്തു.
239 ബൂത്തുകളിൽ അഞ്ചണ്ണം മാതൃകാ ബൂത്തുകളാണ്. പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന ഒരു ബൂത്തും ഉണ്ട്. 956 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിട്ടുള്ളത്. കള്ളവോട്ട് തടയാൻ പോളിംഗ് ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് പറഞ്ഞു.
പ്രശ്നബാധിത ബൂത്തുകളൊന്നുമില്ലെങ്കിലും മണ്ഡലത്തിൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മഹാരാജാസ് കോളജിലാണ് സ്‌ട്രോങ്ങ് റൂം ഒരുക്കിയിട്ടുള്ളത്. കൂടുതൽ ബൂത്തുകൾ വരുന്ന ഇടങ്ങളിൽ മൈക്രോ ഒബ്സർവർമാരേയും പ്രത്യേക പൊലീസ് പട്രോളിങ് സംഘത്തേയും നിയോഗിച്ചു. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനവും ഉണ്ട്.
കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത ഉപതെരഞ്ഞെടുപ്പ് ആവേശമാണ് തൃക്കാക്കരയിൽ കണ്ടത്. യുഡിഎഫ് എംഎൽഎ പി ടി തോമസ് അന്തരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസിനെ യുഡിഎഫ് കളത്തിലിറക്കിയപ്പോൾ ഹൃദയ ശസ്ത്രക്രിയ വിദഗ്ധനായ ജോ ജോസഫിനെയാണ് എൽഡിഎഫ് രംഗത്തിറക്കിയത്. മുതിർന്ന നേതാവ് എഎൻ രാധാകൃഷ്ണനെയാണ് ബിജെപി രംഗത്തിറക്കിയത്.
എൽഡിഎഫിന് 100 സീറ്റെന്ന മുദ്രാവാക്യം ഉയർത്തി മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും മണ്ഡലത്തിൽ സജീവമായതോടെയാണ് തൃക്കാക്കരയിൽ തെരഞ്ഞെടുപ്പാവേശം ചൂട് പിടിക്കുന്നത്. മറുവശത്ത് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും യുവ നേതാക്കളും എ കെ ആന്റണിയും വരെ തൃക്കാക്കരയിലേക്ക് എത്തി. അശ്ലീല വീഡിയോ പ്രചരിപ്പിച്ചതും പി സി ജോർജിന്റെ അറസ്റ്റും നടിയെ ആക്രമിച്ച കേസും സിൽവർലൈൻ പദ്ധതിയുമെല്ലാം തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വിഷയങ്ങളായി.