NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മാസ്ക് നിർബന്ധം, അർഹരായ മുഴുവൻ വിദ്യാർഥികൾക്കും വാക്സിനേഷൻ: സ്കൂൾ തുറക്കും മുൻപുള്ള മുന്നൊരുക്കങ്ങളിങ്ങനെ…

 

തിരുവനന്തപുരം: അവധിക്കാലത്തിനു ശേഷം സ്കൂൾ തുറക്കുമ്പോൾ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും നിർബന്ധമായും മാസ്ക് ധരിക്കണമെന്നു മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞ വർഷം കോവിഡിനുശേഷം സ്കൂൾ തുറന്നപ്പോൾ പുറത്തിറക്കിയ മാർഗരേഖ അനുസരിച്ചാവും പ്രവർത്തനം.

 

അർഹരായ മുഴുവൻ വിദ്യാർഥികൾക്കും കോവിഡ് വാക്സീൻ നൽകാൻ ലക്ഷ്യമിട്ട് സ്കൂളുകളിൽ തന്നെ ആദ്യ രണ്ടാഴ്ച വാക്സിനേഷൻ സൗകര്യം ഒരുക്കും. പൊതു അഭിപ്രായങ്ങൾകൂടി പരിഗണിച്ച് അന്തിമ സ്കൂൾ മാന്വലും അക്കാദമിക് മാസ്റ്റർ പ്ലാനും 30ന് പ്രസിദ്ധീകരിക്കും. എസ്എസ്എൽസി പരീക്ഷ മാന്വലും തയാറാക്കുകയാണെന്നു മന്ത്രി അറിയിച്ചു.

42.9 ലക്ഷം കുട്ടികളാണ് ജൂൺ ഒന്നിന് സ്കൂളുകളിലെത്തുന്നത്. സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് സർക്കുലറിലെ പ്രധാന നിർദേശങ്ങൾ.

∙ തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, കെഎസ്ആർടിസി, കെഎസ്ഇബി, എക്സൈസ്, സാമൂഹിക നീതി വകുപ്പ് തുടങ്ങിയവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സ്കൂൾ തല യോഗങ്ങൾ ചേർന്ന് മുന്നൊരുക്കങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കണം.

∙ സ്കൂളുകളിലെ അറ്റകുറ്റപ്പണികളെല്ലാം നാളെയ്ക്കകം പൂർത്തിയാക്കണം. കുടിവെള്ള സ്രോതസുകൾ അടക്കം സ്കൂളും പരിസരവും പൂർണമായും വൃത്തിയാക്കുകയും ഇഴജന്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കുകയും വേണം. വിദ്യാഭ്യാസ ഓഫിസർമാർ 31ന് അകം എല്ലാ സ്കൂളുകളും നേരിട്ട് സന്ദർശിച്ച് മുന്നൊരുക്കങ്ങൾ വിലയിരുത്തി മേലുദ്യോഗസ്ഥർക്കു റിപ്പോർട്ട് നൽകണം. തദ്ദേശ സ്ഥാപനങ്ങളിൽ‌ നിന്നുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങാതെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കരുത്.

∙ സ്കൂൾ പരിസരത്ത് അപകടകരമായ രീതിയിലുള്ള മരങ്ങളോ ചില്ലകളോ ഉണ്ടെങ്കിൽ മുറിച്ചു മാറ്റാൻ നടപടി സ്വീകരിക്കണം. അപകടകരമായ വൈദ്യുത കമ്പികളുണ്ടെങ്കിൽ കെഎസ്ഇബി അധികൃതരെ അറിയിച്ച് പരിഹാരം ഉറപ്പാക്കണം.

∙ കുട്ടികൾ യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ജീവനക്കാർ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടണം. ട്രാഫിക് പൊലീസ് സഹായത്തോടെ സ്കൂളുകൾക്കു സമീപം മുന്നറിയിപ്പ് ബോർഡുകൾ ഉറപ്പാക്കണം. സ്കൂൾ പരിസരത്തെ കടകളിൽ ലഹരിയും മറ്റു നിരോധിത വസ്തുക്കളും വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എക്സൈസിന്റെയും പൊലീസിന്റെയും സേവനം തേടണം.

∙ സ്കൂൾ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള കൊടിതോരണങ്ങളും ബോർഡുകളും അടക്കമുള്ള പ്രചാരണ സാമഗ്രികൾ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു നീക്കംചെയ്യണം.

. ക്ലാസുകൾ തുടങ്ങിയ ശേഷവും കുട്ടി ക്ലാസിൽ എത്തിയില്ലെങ്കിൽ രക്ഷിതാക്കളെ വിളിച്ച് വിവരം തിരക്കണം. കുട്ടി വീട്ടിൽ നിന്ന് പുറപ്പെട്ടതാണെന്നു ബോധ്യപ്പെട്ടാൽ ക്ലാസ് ടീച്ചർ പൊലീസിൽ വിവരം അറിയിക്കണം.

Leave a Reply

Your email address will not be published. Required fields are marked *