NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വിദ്വേഷപ്രസംഗ കേസ് ; പി.സി ജോര്‍ജ്ജിനെ റിമാന്‍ഡ് ചെയ്തു

മതവിദ്വേഷ പ്രസംഗക്കേസില്‍ പിസി ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തെ ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. രാവിലെ എ.ആര്‍ ക്യാംപില്‍ നിന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് പിസി ജോര്‍ജിനെ മജിസ്ട്രേറ്റിന്‍റെ ചേംബറില്‍ എത്തിച്ചത്. റിമാന്‍ഡ് ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ തന്നെ വേട്ടയാടുന്നു എന്നതടക്കം അദ്ദേഹം മുന്നോട്ട് വച്ച വാദങ്ങളൊന്നും കോടതി പരിഗണിച്ചില്ല.

പിണറായി വിജയനും വിഡി സതീശനും ഒന്നിച്ച് ചേര്‍ന്ന് തന്നെ ഉപദ്രവിക്കുകയാണെന്നും, കേരളത്തിലെ ജനങ്ങളുടെ പിന്തുണ തനിക്ക് ഉണ്ടെന്നും ബിജെപിയുടെ ആത്മാര്‍ത്ഥമായ പിന്തുണ തനിക്ക് ഉണ്ടെന്നും കോടതിയിലേക്ക് പോകവെ പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

പിസി ജോര്‍ജിന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. കേസില്‍ പിസി ജോര്‍ജ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി പത്ത് മണിയോടെ പരിഗണിക്കാനിരിക്കെ അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തത് സര്‍ക്കാരിന്‍റെ പ്രതികാര ബുദ്ധിയാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

തനിക്ക് വെർടിഗോ അസുഖമുണ്ടെന്നും, രാത്രി ഉറങ്ങാൻ ശ്വസന സഹായി വേണമെന്നുമാണ് പിസി ജോർജ് ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. കേസ് ഇന്നലെ രാത്രി തന്നെ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ജാമ്യ വ്യവസ്ഥകളുടെ ലംഘനം എന്ന പേരിൽ, തെറ്റായ വിവരങ്ങൾ തിരുവനന്തപുരത്തെ കോടതിയിൽ നൽകിയാണ് പ്രോസിക്യൂഷൻ തന്‍റെ ജാമ്യം റദ്ദാക്കിയതെന്നാകും പ്രധാന വാദം. ജാമ്യം റദ്ദാക്കിയ കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടും.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മതവിദ്വേഷ പ്രസംഗം നടത്തിയതിൽ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകളാണ് പൊലീസിന് പരാതി നൽകിയത്. തുടർന്ന്, പി സി ജോർജിനെ ഈരാറ്റുപേട്ടയിലെ വസതിയിൽനിന്ന് നന്ദാവനം എആർ ക്യാംപിൽ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി. മജിസ്ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു.

എന്നാൽ, എറണാകുളം വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ച് വീണ്ടും വിദ്വേഷ പ്രസംഗം നടത്തുകയും ജാമ്യ വ്യവസ്ഥ ലംഘിക്കുകയുമായിരുന്നു. തുടര്‍ന്ന് പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജാമ്യം റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *