കുട്ടികളെ വരവേല്‍ക്കാനൊരുങ്ങി ജില്ലയിലെ വിദ്യാലയങ്ങള്‍, ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു


സ്‌കൂളുകള്‍ തുറക്കാന്‍ ഒരാഴ്ചമാത്രം ശേഷിക്കെ അവസാനവട്ട ഒരുക്കത്തിലാണ് ജില്ലയിലെ വിദ്യാലയങ്ങള്‍. ജില്ലയിലാകെയുള്ള 1699 സ്‌കൂളുകളിലും ക്ലാസ് മുറികളും പരിസരങ്ങളും ശുചിയാക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. കുസുമം പറഞ്ഞു.
ഇതോടൊപ്പം വിദ്യാലയങ്ങളുടെ ഫിറ്റ്നസ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികള്‍ പരിശോധിച്ചുവരികയാണ്. ഫിറ്റ്നസ് ഇല്ലാത്ത ഒരു വിദ്യാലയത്തിലും ജൂണ് ഒന്നിന് അധ്യായനം ആരംഭിക്കില്ല. കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി മാത്രമേ ക്ലാസുകള്‍ ആരംഭിക്കൂവെന്നും അവര്‍ പറഞ്ഞു.
പൊലീസ് ക്ലിയറന്‍സ് ലഭിച്ചവരെ മാത്രമേ സ്‌കൂള്‍ വാഹനങ്ങളില്‍ ഡ്രൈവര്‍മാരായി നിയമിക്കാവൂ എന്ന നിര്‍ദ്ദേശം വിദ്യാലയങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. വൃത്തിയുള്ളതും ആരോഗ്യപരമായതുമായ ഭക്ഷണം മാത്രമേ കുട്ടികള്‍ക്ക് നല്‍കാവൂ.
ഇക്കാര്യം സ്‌കൂള്‍ മേലാധികാരി പരിശോധിച്ച് ഉറപ്പുവരുത്തണം. കൂടാതെ വിദ്യാലയത്തോട് ചേര്‍ന്ന് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിക്കുന്നതിന് പ്രധാനധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അവര്‍ പറഞ്ഞു.
വിരമിച്ച അധ്യാപര്‍ക്ക് പകരം പുതിയ അധ്യാപകരെ ദിവസ വേതനത്തിന്റെ അടിസ്ഥാനത്തില്‍ നിയമിക്കും. ക്ലാസുകളില്‍ അധ്യാപകര്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാകില്ല. എല്‍.പി സ്‌കൂള്‍, യു.പി സ്‌കൂള്‍, ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനം പുരോഗമിക്കുകയാണ്.
കഴിഞ്ഞ അധ്യായന വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷവും കൂടുതല്‍ കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ ചേരുന്നതായാണ് വ്യക്തമാകുന്നത്. അഡ്മിഷന്‍ പൂര്‍ത്തിയായാല്‍ മാത്രമേ എത്ര കുട്ടികളാണ് പുതുതായി പൊതുവിദ്യാലയത്തിലേക്ക് എത്തിയതെന്ന് അറിയാനാകൂ എന്നും ഡി.ഡി.ഇ പറഞ്ഞു.
ഇത്തവണ ജില്ലയിലെ വിവിധ എയ്ഡഡ്, സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ എസ്.എസ്.എല്‍.സി ബാച്ചിലേക്ക് പുതുതായി 200 ലധികം വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു