NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വിസ്മയയുടെ മരണം; ഭർത്താവ് കിരൺ കുമാർ കുറ്റക്കാരൻ; ശിക്ഷാ വിധി നാളെ

1 min read

കൊല്ലം: വിസ്മയ കേസിൽ ( Vismaya Case)ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കിരൺ കുമാറിന്റെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും.

2021 ജൂണ്‍ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ നിലമേല്‍ സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ത്ഥിനി വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് വിസ്മയ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് ഭര്‍ത്താവ് കിരണ്‍കുമാറിനെതിരായ കേസ്.

കേസില്‍ ഒന്നാംപ്രതിയായ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിന് ജാമ്യം ലഭിച്ചിരുന്നു. ആത്മഹത്യ പ്രേരണയടക്കം 9 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റുപത്രം നല്‍കിയിരിക്കുന്നത്. 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 102 സാക്ഷികളുണ്ട്, 92 റെക്കോര്‍ഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ജനുവരി പത്തിനാണ് കേസില്‍ വിചാരണ ആരംഭിച്ചത്.

കേസിനെ തുടര്‍ന്ന് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കിരണ്‍കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ എന്നീ കുറ്റകൃത്യങ്ങള്‍ കിരണ്‍കുമാര്‍ ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം.

പ്രതിയുടെ പിതാവ് സദാശിവന്‍ പിള്ള, സഹോദരപുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, പ്രതിയുടെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍ എന്നീ അഞ്ച് സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു.

Leave a Reply

Your email address will not be published.