ബലാത്സംഗ കേസ്; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
1 min read

കൊച്ചി: നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിന്റെ (Vijay Babu) മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അവധിക്കാല ബെഞ്ചാണ് നേരത്തെ ഹർജി പരിഗണിച്ചത്. ജാമ്യ ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ഇന്ന് വാദം കേൾക്കുക.
കേസെടുത്തതിന് പിന്നാലെ ഒളിവിൽപ്പോയ വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായാണ് വിവരം. പ്രതിയെ രാജ്യത്തെതത്തിക്കാൻ എംബസി മുഖേന നടത്തുന്ന ശ്രമങ്ങൾ സർക്കാർ കോടതിയെ അറിയിക്കും.
വിജയ് ബാബുവിന്റെ പാസ്പോർട്ട് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയും വരെ ദുബായിൽ തങ്ങാനായിരുന്നു വിജയ് ബാബുവിനു ലഭിച്ചിരുന്ന നിയമോപദേശം. ഇതിനിടയിലാണ് പാസ്പോർട്ട് റദ്ദാക്കിയത്. ഇതോടെ വിധി വരാൻ കാത്തു നിൽക്കാൻ സാവകാശം ലഭിക്കാതെ വിജയ് ബാബുവിനു ദുബായ് വിടേണ്ടി വരികയായിരുന്നു.
ദുബായിൽ ഒളിവിലായിരുന്ന വിജയ് ബാബു അവിടെ നിന്നും ജോർജിയയിലേക്ക് കടന്നതായാണ് വിവരം. ഇത് അമേരിക്കയിലെ ജോർജിയ അല്ലെന്ന് പോലീസ് സ്ഥിരീകരിച്ചതായാണ് അറിയുന്നത്. വിജയ് ബാബുവിൻ്റെ പാസ്പോർട്ട് കേന്ദ്ര വിദേശകാര്യവകുപ്പ് റദ്ദാക്കിയതിന് പിന്നാലെയാണ് ദുബയിൽ നിന്നും മുങ്ങിയത്.
24നകം കീഴടങ്ങിയില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കിയിരുന്നു. പാസ്പോർട്ട് റദ്ദാക്കിയ ശേഷം ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. ഈ മാസം 24നുള്ളിൽ ഹാജരായില്ലെങ്കിൽ റെഡ് കോർണർ പുറപ്പെടുവിക്കുവാനാണ് പൊലീസ് നീക്കം.