മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസിലെ അധ്യപകന്‍ അറസ്റ്റില്‍


വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന കേസില്‍ മലപ്പുറം സ്‌കൂളിലെ റിട്ട. അധ്യാപകന്‍ കെ വി ശശികുമാര്‍ പൊലീസ് കസ്റ്റഡിയില്‍. പീഡനക്കേസില്‍ പ്രതിയായതോടെ ഒളിവിലായിരുന്നു മലപ്പുറത്തെ മുന്‍ നഗരാസഭാംഗം കൂടിയായ കെ വി ശശികുമാര്‍. മലപ്പുറത്തെ സ്‌കൂളില്‍ അധ്യാപകനായിരിക്കെ കുട്ടികളെ പീഡിപ്പിച്ചു എന്നാണ് സിപിഎം നേതാവായിരുന്ന അധ്യാപകനെതിരെ പരാതി ഉയര്‍ന്നത്.
ആറാം ക്ലാസുകാരിയിരിക്കെ തന്റെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായി കാണിച്ച് പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് കെ വി ശശികുമാറിനെതിരെ പൊലീസ് പോക്‌സോ കേസ് ചുമത്തിയത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഇയാള്‍ ഇതേ തരത്തില്‍ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായി പരാതിയിലുണ്ട്.
ഈ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനയ്ക്കിടെയാണ് ശശികുമാര്‍ ഒളിവില്‍ പോയത്. ഫോണ്‍ ഓഫ് ചെയ്ത നിലയിലാണെന്നും കണ്ടെത്താനായില്ലെന്നുമാണ് പൊലീസ് വിശദീകരണം. എന്നാല്‍ ഇയാള്‍ക്ക് ഭരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
കാലങ്ങളായി അധ്യാപകന്‍ കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. 1992 മുതലുള്ള പരാതികള്‍ ഇതിലുണ്ട്. പോക്‌സോ നിയമം നിലവില്‍ വരുന്നതിന് മുമ്പുള്ള കാലത്തെ പരാതികളായതിനാല്‍ ഈ പരാതികളില്‍ നിയമോപദേശം തേടുകയാണെന്ന് പൊലീസ് അറിയിച്ചു.