NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യം ചോര്‍ത്തണം; വൈദ്യനെ കൊന്ന് കഷണങ്ങളാക്കി പുഴയില്‍ തള്ളി, പ്രതികള്‍ പിടിയില്‍

മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യം ചോര്‍ത്താനായി പാരമ്പര്യ വൈദ്യനെ ഒരു വര്‍ഷത്തിലേറെ തടവില്‍ പാര്‍പ്പിച്ചു പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി പുഴയിലെറിഞ്ഞു. കേസില്‍ നിലമ്പൂരിലെ പ്രവാസി വ്യവസായിയായ ഷൈബിന്‍ അഷ്‌റഫ് , സഹായികളായ കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍, കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ് , ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

മൈസൂര്‍ സ്വദേശിയായ പാരമ്പര്യവൈദ്യന്‍ ഷാബാ ഷെരീഫാണ് അതി ക്രൂരമായി കൊല്ലപ്പെട്ടത്. കവര്‍ച്ചാ കേസിലെ അന്വേഷണത്തിനിടെയാണ് ക്രൂര കൃത്യത്തെ കുറിച്ച് പുറത്തറിഞ്ഞത്.

2019 ലാണ് മൈസൂര്‍ സ്വദേശി ഷാബാ ഷെരീഫിനെ പ്രതികള്‍ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്.മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരില്‍ ചികിത്സാ കേന്ദ്രത്തില്‍ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരില്‍ എത്തിക്കുകയായിരുന്നു.

മരുന്നിന്റെ രഹസ്യം തേടി പലവിധത്തില്‍ പീഡിപ്പിച്ചു.വീട്ടിലെ ഒന്നാം നിലയില്‍ പ്രത്യേകം മുറി തയ്യാറാക്കി ചങ്ങലയില്‍ ബന്ധിച്ച് തടവില്‍ പാര്‍പ്പിച്ചു ഒന്നേകാല്‍ വര്‍ഷം ഷൈബിനും കൂട്ടാളികളും പീഡിപ്പിച്ച് വരികയായിരുന്നു. 2020 ഒക്ടോബര്‍ മാസത്തില്‍ ആണ് കൊലപാതകം നടന്നത്.

ഷൈബിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചും മുഖത്തേക്ക് സാനിറ്റൈസര്‍ ഒഴിച്ചും, ഇരുമ്പു പൈപ്പു കൊണ്ട് കാലില്‍ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടയില്‍ ഷാബാ ശെരീഫ് കൊല്ലപ്പെടുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.

മൃതദേഹം മുറിക്കുന്നതിനായി മില്ലില്‍ നിന്നും മരക്കട്ട സംഘടിപ്പിച്ച്, ഇറച്ചി വെട്ടാനുപയോഗിക്കുന്ന കത്തിയും ഉപയോഗിച്ച് മൃതദേഹം ബാത്‌റൂമില്‍ വെച്ച് വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി ഷൈബിന്റെ ആഡംബരകാറില്‍ ഷൈബിനും ഡ്രൈവര്‍ നിഷാദും, മുന്‍പിലായി മറ്റൊരു ആഡംബരകാറില്‍ ഷിഹാബുദ്ദീനും, പുറകിലായി കാറില്‍ ഷൈബിന്റെ സഹായി നൌഷാദും അകമ്പടിയായി പോയി പുലര്‍ച്ചെ പുഴയിലേക്ക് തള്ളുകയായിരുന്നു.

തുടര്‍ന്ന് തിരികെ വീട്ടിലെത്തിയ പ്രതികള്‍ തെളിവു നശിപ്പിക്കുകയായിരുന്നു . . പിന്നാലെ കഴിഞ്ഞ മാസം തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ ഇവര്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയും പിന്നീട് പോലീസ് പിടിയില്‍ ആകുകയും ചെയ്തു.

മൂന്നംഗ സംഘത്തെ മലപ്പുറത്തെത്തിച്ച് ചോദ്യം ചെയ്തു. ഇവരില്‍ ഒരാളാണ് കൊലയുടെ വിശദാംശങ്ങള്‍ പോലീസിനെ അറിയിച്ചത്. ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവും ഇയാള് പോലീസിന് കൈമാറിയിട്ടുണ്ട്. അഷ്‌റഫിനെ കൂടി കസ്റ്റഡിയിലെടുത്തതോടെ കൊലയുടെ ചുരുള്‍ അഴിഞ്ഞു. ഷാബാ ശെരീഫിനെ ചങ്ങലയില്‍ ബന്ധിച്ച് പീഡിപ്പിക്കുന്ന ദൃശ്യവും പെന്‍ഡ്രൈവില്‍ നിന്നും കണ്ടെടുത്തു.

 

ദൃശ്യത്തില്‍ നിന്നും ബന്ധുക്കള്‍ ഷാബാ ശെരീഫിനെ തിരിച്ചറിഞ്ഞു. കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനുമായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയേഗിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *