ഉയര്‍ന്ന മാര്‍ക്കുള്ള സംവരണ വിഭാഗക്കാരെ ജനറല്‍ ക്വാട്ടയില്‍ നിയമിക്കാം: സുപ്രീം കോടതി


ന്യൂദല്‍ഹി: സംവരണ ക്വാട്ടയില്‍ വരുന്ന ഒ.ബി.സി ഉദ്യോഗാര്‍ത്ഥികള്‍ ജനറല്‍ വിഭാഗക്കാരേക്കാള്‍ മാര്‍ക്ക് നേടിയാല്‍ അവരെ ജനറല്‍ വിഭാഗത്തില്‍ തന്നെ നിയമിക്കാമെന്ന് സുപ്രീം കോടതി. അങ്ങനെ വരുമ്പോള്‍ സംവരണ ക്വാട്ടയില്‍ ഒഴിവുവരുന്ന സീറ്റുകളില്‍ അതേ വിഭാഗത്തിലെ ബാക്കിയുള്ള ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ബി.എസ്.എന്‍.എലിലെ നിയമനവുമായി ബന്ധപ്പെട്ട രാജസ്ഥാന്‍ ഹൈക്കോടതിയുടെ 2014 ലെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് എം.ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്.
അജ്മീറിലെ എസ്.എസ്.എ (സെക്കന്ററി സ്യുച്ചിങ് ഏരിയ) തസ്തികയിലേക്കുള്ള 12 ഒഴിവുകളിലേക്ക് നടന്ന പരീക്ഷയും നിയമവുമായി ബന്ധപ്പെട്ടുള്ള ഹരജിയിലായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.
ജനറല്‍ വിഭാഗത്തിന് അഞ്ച് സീറ്റും ഒ.ബി.സിക്ക് നാലും എസ്.സിക്ക് രണ്ട്, എസ്.ടിക്കും വിമുക്തഭടന്‍മാര്‍ക്കും ഒന്നും സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.
ജനറല്‍ വിഭാഗത്തിന് 40 ശതമാനവും സംവരണ വിഭാഗത്തിന് 33 ശതമാനവുമായിരുന്നു ചുരുങ്ങിയ യോഗ്യതാ മാര്‍ക്ക്. എന്നാല്‍ ജനറല്‍ വിഭാഗത്തില്‍ ആര്‍ക്കും 40 ശതമാനത്തിന് മേല്‍ ലഭിച്ചില്ല. ഒ.ബി.സി വിഭാഗക്കാരായ നാലുപേര്‍ക്ക് 40 ശതമാനത്തോടടുപ്പിച്ച് മാര്‍ക്ക് ലഭിക്കുകയും ചെയ്തു.
ജനറല്‍ വിഭാഗത്തില്‍ ആര്‍ക്കും 40 ശതമാനം ലഭിക്കാത്തതിനാല്‍ എല്ലാ വിഭാഗക്കാര്‍ക്കും യോഗ്യതാ മാനദണ്ഡത്തില്‍ പത്ത് ശതമാനത്തിന്റെ കുറവ് വരുത്തി.എന്നാല്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട രണ്ട് പേര്‍ക്ക് ജനറലില്‍ നിയമനം ലഭിച്ചവരേക്കാള്‍ മാര്‍ക്കുണ്ടായിരുന്നു. അതിനാല്‍ അവരെ ജനറലില്‍ നിയമിക്കണമെന്നും അങ്ങനെ സംവരണ ക്വാട്ടയില്‍ ഒഴിവുവരുന്ന സീറ്റുകളില്‍ തങ്ങളെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ഒ.ബി.സി പട്ടികയില്‍ തൊട്ടു താഴെ നില്‍ക്കുന്ന രണ്ടുപേര്‍ പരാതി നല്‍കുകയായിരുന്നു.
ഇതിനെ ബി.എസ്.എന്‍.എല്‍ എതിര്‍ത്തുവെങ്കിലും പരാതിക്കാരുടെ വാദം ട്രിബ്യൂണലും തുടര്‍ന്ന് ഹൈക്കോടതിയും അംഗീകരിച്ചു. എന്നാല്‍ ഇതിനെതിരെ ബി.എസ്.എന്‍.എല്‍ സുപ്രീം കോടതിയെ സമീപിച്ചു.
എന്നാല്‍ ഹൈക്കോടതി ഉത്തരവ് ശരിവെച്ച സുപ്രീം കോടതി ഒ.ബി.സി വിഭാഗക്കാരായ രണ്ട് പരാതിക്കാരേയും ജനറലില്‍ നിയമിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ അവിടെ നേരത്തെ നിയമിക്കപ്പെട്ട ജനറല്‍ വിഭാഗക്കാരായ രണ്ട് പേരെ പുറത്താക്കരുതെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞു.