നടുറോഡിൽ ആക്രമിക്കപ്പെട്ട പെൺകുട്ടികളെ അപമാനിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് ലീഗ് നേതാക്കൾക്കെതിരെ കേസ്


പരപ്പനങ്ങാടി : ഏറെ വിവാദമായ തേഞ്ഞിപ്പലം പാണമ്പ്രയിൽ നടുറോഡിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ അപമാനിച്ച് പോസ്റ്റിട്ടതിന് ലീഗ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു.
മുസ്ലീം ലീഗ് തിരൂരങ്ങാടി മുൻസിപ്പൽ കമ്മിറ്റി ട്രഷർ റഫീഖ് പാറക്കൽ, പരപ്പനങ്ങാടിയിലെ യൂത്ത് ലീഗ് നേതാവ് സിക്കന്തർ , തിരൂരങ്ങാടിയിലെ തന്നെ ഹക്ക് കഴുങ്ങുംതോട്ടത്തിൽ എന്നിവർക്കെതിരെയാണ് പെൺകുട്ടികൾ നൽകിയ പരാതിയിൽ പരപ്പനങ്ങാടി പോലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ 16 നാണ് തേഞ്ഞിപ്പലം പാണമ്പ്രയിൽ വെച്ച് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശിനികളായ പെൺകുട്ടികളെ തിരൂരങ്ങാടിയിലെ സി.എച്ച്. ഷബീർ എന്ന യുവാവ് കാറിൽ നിന്നിറങ്ങി പരസ്യമായി ആക്രമിച്ചത്.
സംഭവത്തിൽ ആക്രമത്തിനിരയായ പെൺകുട്ടികൾ തേഞ്ഞിപ്പലം പോലീസിൽ പരാതി നൽകുകയും സ്റ്റേഷൻ ജാമ്യം നൽകുകയും ചെയ്തിരുന്നു. തുടർന്ന് യുവാവ് യുവതികളെ മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതോടെ പിന്നീട്പ്ര തിഷേധവുമായി കൂടുതൽപേർ എത്തുകയായിരുന്നു. സംഭവം മാധ്യമങ്ങളും ഏറ്റെടുത്തു. ഇതോടെ വീണ്ടും പോലീസ് മൊഴിയെടുത്ത് ജാമ്യമില്ല വകുപ്പ് ചുമത്തിയിരുന്നു.