യുവതികളെ നടുറോഡില്‍ മര്‍ദ്ദിച്ചത് ലീഗ് നേതാവ്, പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമം, പിന്നോട്ടില്ലെന്ന് യുവതി


മലപ്പുറം തേഞ്ഞിപ്പലം പാണമ്പ്രയില്‍ നടുറോഡില്‍ യുവതികള്‍ക്ക് നേരെ അതിക്രമം നടത്തിയത് തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീര്‍ എന്ന പ്രാദേശിക മുസ്ലിം ലീഗ് നേതാവ്. സ്വാധീനമുള്ള വ്യക്തിയാണെന്നും, പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നതായും പരാതിക്കാരിയായ അസ്‌ന പറഞ്ഞു.
പരാതി ഒതുക്കാന്‍ നാട്ടുകാര്‍ ആദ്യം ശ്രമിച്ചതായും ഒത്തുതീര്‍പ്പിന് പൊലീസ് പിന്തുണയും ഉണ്ടെന്ന് അസ്‌ന ആരോപിച്ചു.
ഷബീറിനെതിരെ കേസെടുത്തെങ്കിലും, ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി വിട്ടയക്കുകയായിരുന്നുവെന്നും വ്യക്തമായ തെളിവുണ്ടായിട്ടും വേണ്ട നടപടി സ്വീകരിച്ചില്ലെന്നും നടുറോഡില്‍ വച്ച് ഒരു പെണ്‍കുട്ടിയുടെ മുഖത്ത് അടിച്ചിട്ടും നിസാരമായാണ് പൊലീസ് കാണുന്നതെന്നും ഇവർ പറയുന്നു.
അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്തതിനാണ് ഷബീര്‍ മര്‍ദ്ദിച്ചതെന്നാണ് അസ്ന, ഹംന എന്നീ സഹോദരിമാര്‍ പറയുന്നത്. ഈ മാസം 16ാം തിയതിയായിരുന്നു സംഭവം.
അമിതവേഗത്തിലെത്തിയ കാര്‍ യുവതികള്‍ ഓടിച്ച ഇരുചക്ര വാഹനത്തെ അപകടത്തില്‍പ്പെടുത്തുന്ന രീതിയില്‍ തെറ്റായ വശത്ത് കൂടി ഓവര്‍ടേക്ക് ചെയ്ത് വരുകയും യുവതികള്‍ ഇയാളുടെ ഡ്രൈവിങിനെ ചോദ്യം ചെയ്തുകയായിരുന്നെന്നും ഇതോടെ ഡിവൈഡറിനോട് ചേര്‍ന്ന് വണ്ടി നിര്‍ത്തി കാറില്‍ നിന്ന് ഇറങ്ങി വന്ന ഇബ്രാഹിം വണ്ടി ഓടിച്ചിരുന്ന യുവതിയുടെ മുഖത്തടിക്കുകയാണുണ്ടായതെന്നും യുവതികൾ പറഞ്ഞു.
ഇയാൾ യുവതികളെ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സമീപത്ത് ഉണ്ടായിരുന്ന ആള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്.