നഗരസഭാ ജാഗ്രതാ സമിതി തീരുമാനങ്ങൾ ക്കെതിരെ തെറ്റിദ്ധാരണ പരത്തുന്നത് ദുരുദ്ദേശപരം


പരപ്പനങ്ങാടി: കഴിഞ്ഞ ദിവസങ്ങളിലായി പരപ്പനങ്ങാടിയിൽ നടന്ന വിദ്യാർത്ഥി സംഘർഷങ്ങളുടെ ഭാഗമായി നഗരസഭയിൽ ചേർന്ന യോഗത്തിൽ രൂപവത്‌കരിച്ച ജാഗ്രതാ സമിതി തീരുമാനങ്ങൾക്കെതിരെ ചിലർ തെറ്റിദ്ധാരണ പരത്തുന്നത് ദുരുദ്ദേശപരമാണെന്ന് ചെയർമാൻ എ. ഉസ്മാൻ പറഞ്ഞു.
നഗരസഭയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ തമ്മിൽ തെരുവിൽ ഏറ്റുമുട്ടുന്നത് പതിവായതോടെയാണ് മുനിസിപ്പൽ ഭരണസമിതി സ്കൂൾ അധികൃതർ, പ്രധാന അധ്യാപകർ, പോലീസുദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ സംയുക്തയോഗം വിളിച്ചു ജാഗ്രതാ സമിതി രൂപവത്‌കരിച്ചത്.
വിദ്യാർത്ഥി സംഘർഷങ്ങൾ ഒഴിവാക്കുന്നതിനായി എസ്എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകൾ അവസാനിക്കുന്ന ദിവസം വിദ്യാർത്ഥികളെ രക്ഷിതാക്കൾ നേരിട്ടെത്തി കൊണ്ടുപോകണമെന്നും, വിദ്യാർത്ഥികൾ കൂട്ടംകൂടി നടത്തുന്ന എല്ലാ ആഘോഷങ്ങൾക്കും, പടക്കങ്ങൾ ഉപയോഗിക്കുന്നത് വിലക്കേർപ്പെടുത്തുകയും ചെയ്ത് കൊണ്ടുള്ള ജാഗ്രതാസമിതിയുടെ തീരുമാനത്തിനെതിരെയാണ് ചിലർ രംഗത്തെത്തിയത്.
എന്നാൽ ജാഗ്രതാസമിതി യോഗത്തിൽ എടുത്ത തീരുമാനത്തിനെതിരെ ചില കേന്ദ്രങ്ങൾ തെറ്റിധാരണ പരത്തുകയാണ്. വിദ്യാർത്ഥി സംഘർഷത്തിൽ ഗുരുതരമായ പരിക്ക് പറ്റിയ ഒരു വിദ്യാർഥിയുടെ കണ്ണിന്കാഴ്ച നഷ്ടപ്പെട്ടു. വിദ്യാർത്ഥികൾക്ക് ഒളിവിൽ പോകേണ്ട സാഹചര്യമുണ്ടായി. വീട്ടിൽകയറി പോലീസ്അറസ്റ്റ് ചെയ്ത് റിമാൻഡിലായി.
ഇതിനുശേഷവും സംഘർഷം തുടരുകയും നാട്ടുകാർ വിദ്യാർത്ഥികളെ തല്ലിയോടിക്കുകയും ചെയ്തതോടെ പ്രശ്നം ഗൗരവമായി. പരീക്ഷകളുടെ അവസാന ദിവസങ്ങളിൽ വീണ്ടും സംഘർഷസാധ്യത ഉണ്ടാവാനിടയുള്ളതിനാലാണ് അന്നേ ദിവസങ്ങളിൽ ആഘോഷങ്ങൾ ഒഴിവാക്കുന്നതിനും, രക്ഷിതാക്കളുടെ സാന്നിധ്യം ഉറപ്പാക്കാനും തീരുമാനമെടുത്തത്.
ഈ തീരുമാനത്തെ മറ്റൊരുതലത്തിലേക്ക് തിരിച്ചുവിടാനാണ് ചിലർ ശ്രമിക്കുന്നതെന്നും വിദ്യാർത്ഥികളുടെ ഭാവിക്കും നാടിന്റെ പൊതുനന്മക്കും വേണ്ടിയെടുത്ത തീരുമാനത്തോട് സഹകരിക്കണമെന്നും പ്രസ്താവനയിൽ ചെയർമാൻ എ. ഉസ്മാൻ ആവശ്യപ്പെട്ടു.