ജാഗ്രത സമിതി എന്ന പേരിൽ സദാചാര സമിതി; നഗരസഭ തീരുമാനം പിൻവലിക്കണം,


പരപ്പനങ്ങാടി: ജാഗ്രത സമിതി എന്ന പേരിൽ സദാചാര സമിതിയുണ്ടാക്കി വിദ്യാർത്ഥികൾക്ക് മേൽ നിയമപരമല്ലാത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാനുള്ള പരപ്പനങ്ങാടി നഗരസഭയുടെ തീരുമാനം പിൻവലിക്കണമെന്ന് പരപ്പനങ്ങാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
പരപ്പനങ്ങാടിയിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ പരസ്പരം തെരുവിൽ തമ്മിലടിക്കുന്നത് പതിവായതോടെ നഗരസഭ വിളിച്ചുചേർത്ത യോഗത്തിൽ രൂപവത്കരിച്ച ജാഗ്രത സമിതിക്കെതിരെയാണ് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി രംഗത്തെത്തിയത്.
മുതിർന്ന വിദ്യാർഥികളെ പരീക്ഷ അവസാനിക്കുന്ന ദിവസം മാതാപിതാക്കൾ നേരിട്ടെത്തി വീട്ടിൽ വിളിച്ചുകൊണ്ടു പോകണമെന്ന തീരുമാനം എന്ത് സാഹചര്യത്തിലാണ്. യുവജന വിദ്യാർത്ഥി സംഘടനകളോടൊന്നും ചർച്ച ചെയ്യാതെ ഏകപക്ഷീയമായി എടുത്ത തീരുമാനം അപക്വവും അപലപനീയമാണെന്നും നിലപാട് പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുധീഷ് പാലശ്ശേരി അധ്യക്ഷത വഹിച്ചു. യോഗത്തിൽ കെ.എസ്.യു മണ്ഡലം പ്രസിഡന്റ് അബിൻ കൃഷ്ണ, ഷെഫീഖ് പുത്തിരിക്കൽ, ജി.റാഷിദ്, ടി. ജിജീഷ് കുട്ടൻ, അഷ്റഫ് ചുക്കാൻ, ഫൈസൽ പാലത്തിങ്ങൽ, പി.എസ്.എസ് ഫസലുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.