മന്ത്രിമാരുടെ കാറുകള്‍ക്ക് കാലപഴക്കം; 10 പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ ശുപാര്‍ശ നല്‍കി ടൂറിസം വകുപ്പ്


തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് 10 പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ ശുപാര്‍ശ നല്‍കി ടൂറിസം വകുപ്പ്. ഇക്കാര്യം ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ് എന്നാണ് ലഭിക്കുന്ന വിവരം.
കാലപഴക്കത്തെ തുടര്‍ന്നാണ് കാറുകള്‍ മാറ്റാന്‍ ടൂറിസം വകുപ്പ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
നിലവില്‍ മന്ത്രിമാര്‍ ഉപയോഗിച്ചു വരുന്ന കാറുകള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വാങ്ങിയവയാണ്. മിക്ക വാഹനങ്ങളും ഒന്നരലക്ഷം കിലോമീറ്റര്‍ പിന്നിട്ടു.
മന്ത്രിമാരുടെ വാഹനം ഒരു ലക്ഷം കിലോമീറ്ററോ, മൂന്ന് വര്‍ഷത്തെ സേവന കാലാവധിയോ കഴിയുമ്പോള്‍, മാറി നല്‍കുന്നതാണ് പതിവ്. 2019ന് ശേഷം മന്ത്രിമാര്‍ക്കായി വാഹനം വാങ്ങിയിട്ടില്ല. അടുത്തിടെ ധനമന്ത്രി കെ.എന്‍.ബാലഗോപാൽ സഞ്ചരിച്ച കാറിന്റെ ടയര്‍ ഓടുന്നതിനിടെ പൊട്ടിത്തെറിച്ചിരുന്നു.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം മുഖ്യമന്ത്രിയ്ക്ക് മാത്രമാണ് പുതിയ വാഹനം വാങ്ങിയത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് 62.5 ലക്ഷം രൂപ മുടക്കി രണ്ട് ഇന്നോവ ക്രിസ്റ്റയും അകമ്പടിയായി ടാറ്റ ഹാരിയറും വാങ്ങിയത്.