NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എംസി ഖമറുദ്ദീനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് ജ്വല്ലറി ചെയര്‍മാനായ ഖമറുദ്ദീനെ അറസ്റ്റ് ചെയ്തത്. ഇന്ന് നടന്ന ചോദ്യം ചെയ്യലില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ തുടങ്ങി വിവിധ സ്റ്റേഷനുകളിലായി ഇതുവരെ 115 എഫ്‌ഐആറുകളാണ് എംഎല്‍എയ്ക്കും ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി എംഡി പൂക്കോയ തങ്ങള്‍ക്കുമെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ എണ്ണൂറോളം പേര്‍ നിക്ഷേപകരായി ഉണ്ടായിരുന്നു. ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും 2020 ജനുവരിയില്‍ അടച്ച് പൂട്ടിയിരുന്നു. പണം തിരിച്ചു കിട്ടാതായതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി രംഗത്ത് വന്നത്. നേരത്തെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി എംഡി പൂക്കോയ തങ്ങളെ ഒമ്ബത് മണിക്കൂറും ലീഗ് നേതൃത്വം മധ്യസ്ഥനായി നിയോഗിച്ച കല്ലട മായിന്‍ഹാജിയെ മൂന്ന് മണിക്കൂറോളവും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതുവരെ 80 പേരില്‍ നിന്ന് മൊഴി എടുത്തിരുന്നു.

ഫാഷന്‍ഗോള്‍ഡ് ജ്വല്ലറിയുടെ ആസ്തികളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും വിറ്റെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പതിനൊന്ന് വാഹനങ്ങളില്‍ ഒമ്പതെണ്ണവും വിറ്റു. കൂടാതെ നിക്ഷേപമായി വാങ്ങിയ പത്ത് കോടി രൂപയ്ക്ക് എംസി കമറുദ്ദീനും ജ്വല്ലറി എംഡിയുമായ പൂക്കോയ തങ്ങളും ബംഗ്‌ളൂരുവില്‍ ഭൂമി വാങ്ങിയെന്നുമാണ് അന്വേഷണ സംഘം സ്ഥിരീകരിച്ചത്. എന്നാല്‍ ഭൂമിയുടെ വിവരങ്ങള്‍ കമ്പനി രജിസ്റ്ററില്‍ ഇല്ല. ഇത് അനധികൃത സ്വത്ത് ഇടപാട് ആണെന്നും കേസ് വന്നതോടെ ഭൂമി മറ്റൊരു ഡയറക്ടര്‍ക്ക് കൈമാറിയെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. വാഹനങ്ങളെല്ലാം കണ്ടെത്താന്‍ അന്വേഷണ സംഘം നടപടി തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published.