ഓൺലൈൻ വഴി വായ്‌പ എടുത്തു; തിരിച്ചടച്ചിട്ടും നിരന്തരം ഫോൺ കോൾ. ഒടുവിൽ മോർഫ് ചെയ്ത് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു. യുവാവ് പോലീസിൽ പരാതി നൽകി.


വള്ളിക്കുന്ന് : ഡൗൺലോഡ് ചെയ്ത ആപ്പ് വഴി പണം വായ്പയെടുത്ത് ആപ്പിലായ യുവാവ് ഒടുവിൽ പോലീസിൽ പരാതി നൽകി. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശിയായ യുവാവാണ് പരപ്പനങ്ങാടി പോലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ ഏപ്രിൽ നാലിനാണ് ആപ്പ് വഴി 3501 രൂപ വായ്‌പയെടുത്തത്. ദിവസത്തിന് 0.5% തോതിലാണ് ഉദാരമായ വായ്പാ പലിശ നിശ്ചയിച്ചിട്ടുള്ളത്. വായ്പയെടുത്തതിൻ്റെ നാലാം ദിവസം തന്നെ പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ഫോൺകാൾ വന്നു. ഹിന്ദി കലർന്ന ഉത്തരേന്ത്യൻ ഭാഷ സംസാരിക്കുന്ന ഫോൺകാളിൽ സ്ത്രീയും പുരുഷനും സംസാരിച്ചതായി യുവാവ് പറയുന്നു.
ഇവർ ആവശ്യപ്പെട്ട പ്രകാരം വായ്പയെടുത്ത പണം മുഴുവൻ ഗൂഗിൾപേ വഴി അയച്ചുകൊടുത്തു. അതിന്റെ സ്ക്രീൻഷോട്ടും അയച്ചു. പിന്നീട് തൊട്ടടുത്ത ദിവസങ്ങളിലും വീണ്ടും വിവിധ നമ്പരുകളിൽ നിന്നും പണം കിട്ടിയിട്ടില്ലെന്നും ഉടനെ അയക്കണമെന്നും ആവശ്യപ്പെട്ട് നിരന്തരം കാളുകൾ വന്നതോടെ യുവാവ് വീണ്ടും ഒരുതവണ കൂടി 3501 രൂപ അയച്ചു.
വീണ്ടും വോയ്സായും വാട്സ്ആപ്പ് മെസ്സേജായും ഒന്നിലധികം നമ്പരിൽ നിന്നും പണമാവശ്യപ്പെട്ടതോടെയാണ് യുവാവ് ട്രാപ്പിലകപ്പെട്ടെന്ന് മനസ്സിലായത്.
തുടർന്ന് ഏപ്രിൽ 9 ന് ശനിയാഴ്ച്ച യുവാവിൻ്റെ വാട്സ്ആപ് ഡി.പി. ചിത്രം മോർഫ് ചെയ്ത് നഗ്നചിത്രമാക്കി ഇയാളുടെ വാട്സ്ആപ് കോണ്ടാക്ടുകളിലേക്ക് അപകീർത്തിപ്പെടുത്തുന്ന പരാമർശത്തോടെ പ്രചരിപ്പിച്ചതോടെയാണ് യുവാവ് ഞായറാഴ്ച പരപ്പനങ്ങാടി പോലീസിൽ പരാതി നൽകിയത്.
യുവാക്കളെ മാനസിക സമ്മർദ്ദത്തിലാക്കിയും അപകീർത്തിപ്പെടുത്തിയും
പണം കൈക്കലാക്കുകയാണ് ചില ഒൺലൈൻ വായ്പാ ആപ്പുകൾ. ഇത്തരത്തിൽ പണം നഷ്ടപ്പെട്ട് കഴിഞ്ഞ ദിവസം പൂനെയിൽ താമസസ്ഥലത്ത് കണ്ണൂർ തലശ്ശേരി സ്വദേശി അനുഗ്രഹ് (22) നെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.