കഞ്ചാവ് വില്പനയിലൂടെ സമ്പാദിച്ച പരപ്പനങ്ങാടി സ്വദേശിയുടെ ഒന്നരഏക്കർ ഭൂമി എക്‌സൈസ് മരവിപ്പിച്ചു.


പരപ്പനങ്ങാടി: കഞ്ചാവ് വില്പനയിലൂടെ സമ്പാദിച്ച പരപ്പനങ്ങാടി സ്വദേശിയുടെ ഒന്നര ഏക്കർ ഭൂമി എക്‌സൈസ് മരവിപ്പിച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ മഞ്ചേരിയിൽ നിന്ന് 84.5 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ പ്രതി പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഹാജ്യരാകത്ത് വീട്ടിൽ അമീർ ആണ് രണ്ട് ആധാരങ്ങളിലായി പാലക്കാട് ജില്ലയിൽ അട്ടപ്പാടി കള്ളമല ചെമ്മന്നൂർ എന്ന സ്ഥലത്ത് വാങ്ങിയ ഒന്നര ഏക്കർ ഭൂമി ചെന്നൈ കോമ്പറ്റിറ്റീവ് അതോറിറ്റിയുടെ അംഗീകാരത്തോടെ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ടി.അനിൽകുമാർ മരവിപ്പിച്ചത്.
പ്രതികളെക്കുറിച്ച് സാമ്പത്തികന്വേഷണം നടത്തിയതോടെയാണ് ഈ സ്വത്തുക്കൾ ചെന്നൈയിലെ അതോറിറ്റിയുടെ അംഗീകാരത്തോടെ മരവിപ്പിച്ചത്. കഴിഞ്ഞ വർഷം ആഗസ്ത് 13 ന് മഞ്ചേരിയിൽ പത്തര കിലോഗ്രാം കഞ്ചാവ് കാറിൽ കടത്തവേ അമീർ, മുരുഗേശ്വരി, അഷ്‌റഫ് എന്നിവരെ മഞ്ചേരി എക്സൈസ് സർക്കിൾ, മലപ്പുറം എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ, എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡ് എന്നിവർ ചേർന്ന് പിടികൂടിയിരുന്നു.
ഈ കേസിലെ പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിലും എക്‌സൈസ് ഇന്റലിജൻസ് ബ്യുറോ നടത്തിയ രഹസ്യാന്വേഷണത്തിലും കേരളത്തിലേക്ക് കമ്പം, മേട്ടുപ്പാളയം, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് കഞ്ചാവ് കടത്തുന്ന അക്ക എന്ന മുരുഗേശ്വരി, അമീർ എന്നിവരുടെ കഞ്ചാവ് സൂക്ഷിക്കുന്ന രഹസ്യ കേന്ദ്രങ്ങളെകുറിച്ച് വിവരം ലഭിച്ചു.
ഓപ്പറേഷൻ അക്ക
കേസിലെ ഒന്നാം പ്രതി അമീറിനെയുമായി കോയമ്പത്തൂരിൽ വിവിധ ഭാഗങ്ങളിൽ നടത്തിയ അന്വേഷണത്തിൽ രണ്ടിടങ്ങളിലായി സൂക്ഷിച്ചു വെച്ച 74 കിലോ കഞ്ചാവ്, 37000 രൂപ എന്നിവയും കണ്ടെടുത്തു. അന്ന് കഞ്ചാവ് കച്ചവടത്തിലൂടെ പ്രതികൾ സമ്പാദിച്ച സ്വത്തുകളെ കുറിച്ചും എക്‌സൈസ് സംഘം വിവരം ശേഖരിച്ചിരുന്നു. ഈ സ്വത്തുക്കളാണ് ഇപ്പോൾ മരവിപ്പിച്ചു ഉത്തരവിറക്കിയത്. അമീറും അക്കയും രണ്ടുവർഷം മുൻപ് അഞ്ചര കിലോ കഞ്ചാവ് കടത്തിയ കേസിൽ തമിഴ്നാട്ടിൽ കമ്പം പോലീസ് പിടിപിടികൂടി അറസ്റ്റിലായി ജയിലിലായിരുന്നു.
“ഓപ്പറേഷൻ അക്ക” എന്ന പേരിൽ മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ടീം രൂപീകരിച്ചാണ് തമിഴ്നാട്ടിൽനിന്നും കേസിലെ ബാക്കി തൊണ്ടി മുതലുകൾ കണ്ടെടുത്തത്.
മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.ആർ. നിഗീഷ്, മഞ്ചേരി റെയ്ഞ്ച് ഇൻസ്‌പെക്ടർ ഇ..ജിനീഷ്, മലപ്പുറം ഐ.ബി. ഇൻസ്‌പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖ്, എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡ് അംഗം അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ, ഐ.ബി. പ്രിവന്റിവ് ഓഫീസർമാരായ വി.കെ. സൂരജ്, ടി. സന്തോഷ്, സി.ശ്രീകുമാർ, പ്രിവെന്റീവ് ഓഫീസർ പി. രാമചന്ദ്രൻ, ,ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ആസിഫ് ഇഖ്ബാൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.അരുൺ കുമാർ, ടി.കെ.സതീഷ്, വി.സുബാഷ്, കെ. ഷബീറലി, സി.ടി.ഷംനാസ്, കെ. ഷബീർ, പി. റജിലാൽ, കെ. നിമിഷ. കെ.പി.ധന്യ എന്നിവരടങ്ങുന്ന ടീമാണ് കേസ് കണ്ടെടുത്തത്.
മരവിപ്പിച്ചത് എൻ.ഡി.പി.എസ്. ആക്ട് 68 പ്രകാരം.
നിയമവിരുദ്ധമായി ആർജ്ജിച്ച സ്ഥാവരജംഗമ വസ്തുക്കൾ കണ്ടെത്താനും അത്തരം വസ്തുക്കളുടെ വില്പന മരവിപ്പിക്കാനും മയക്കുമരുന്ന് കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥർക്ക് എൻ.ഡി.പി.എസ് ആക്ട് വകുപ്പ് 68 പ്രകാരം അധികാരം ഉണ്ട്.
ജില്ലയിൽ ഇത്തരത്തിൽ ആദ്യമായിട്ടാണ് എക്‌സൈസ് വകുപ്പ് സ്വത്തുക്കൾ മരവിപ്പിക്കുന്ന നടപടികളിലേക്ക് കടക്കുന്നത്. ഇപ്പോൾ അന്വേഷണത്തിലുള്ള മറ്റു കൊമേഴ്‌ഷ്യൽ ക്വാണ്ടിറ്റി മയക്കുമരുന്നു കേസുകളിലും സ്വത്തുക്കൾ മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകും.
പ്രതിയും പ്രതിയുടെ ബന്ധുക്കളും മറ്റു ബിനാമി രീതിയിലും ഇത്തരത്തിൽ നിയമവിരുദ്ധമായി സമ്പാദിക്കുന്ന ഭൂമി, വാഹനം തുടങ്ങിയ സ്ഥാവരജംഗമ വസ്തുക്കളും ഈ വകുപ്പ് പ്രകാരം എക്‌സൈസിനു മരവിപ്പിക്കാൻ അധികാരമുണ്ട്.