ഏഴു വയസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവം; 19 കാരൻ അറസ്റ്റിൽ


വളാഞ്ചേരി: പൂക്കാട്ടിരി ടി.ടി പടിയിലെ അപ്പാർട്ട്മെൻറിൽ നിന്ന് ഏഴു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ കൊടുങ്ങല്ലൂർ സ്വദേശിയും അതേ അപ്പാർട്ട്മെന്‍റിലെ താമസക്കാരനുമായ ഷിനാസിനെയാണ് (19) മതിലകം പോലീസിന്‍റെ സഹായത്തോടെ കൊടുങ്ങല്ലൂരിൽ നിന്ന് വളാഞ്ചേരി പോലീസ് പിടികൂടിയത്.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് അപ്പാര്‍ട്ട്‌മെന്റിന്റെ മുന്നില്‍ കളിക്കുകയായിരുന്ന കുട്ടിയെ കാണാതായത്. അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന ഏഴു വയസ്സുകാരനെ ഇതേ അപ്പര്‍ട്ട്‌മെന്റില്‍ താമസക്കാരനായ ഷിനാസ് തട്ടിക്കൊണ്ടുപോയത്.
അപ്പാർട്ട്മെൻറിലെ താമസക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷിനാസിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കുട്ടിയെ കാണാതായ ദിവസം ഷിനാസ് അപ്പാർട്ട്മെൻറിൽ എത്തിയിരുന്നുവെന്നും ഷിനാസിനെയും സ്കൂട്ടറും കാണാനില്ലെന്നും മറ്റു താമസക്കാർ മൊഴി നൽകിയിരുന്നു. കഴിഞ്ഞ ദിവസം പ്രതിയുടെ കുടുംബത്തെ അപ്പാർട്ട്മെൻറിൽ നിന്ന് പുറത്താക്കിയിരുന്നതായി പറയുന്നു.
ഇതിനു കാരണം കുട്ടിയുടെ മാതാപിതാക്കളാണെന്ന് സംശയിച്ചാണ് തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. ബുധനാഴ്ച രാവിലെയാണ് കുട്ടിയെയും യുവാവിനെയും കൊടുങ്ങല്ലൂരിലെ ബന്ധുവീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് തിരൂര്‍ ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്ത് രാത്രിയില്‍ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.
സി.സി.ടി.വി കേന്ദ്രീകരിച്ചും സൈബർ സെല്ലിന്‍റെ സഹായത്തോടെയും നടത്തിയ അന്വേഷണത്തിലാണ് കുട്ടി കൊടുങ്ങല്ലൂരിലുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോകൽ, പോക്സോ എന്നീ വകുപ്പുകളിലാണ് പ്രതിക്കെതിരെ കേസെടുത്തത്.