വാണിജ്യ പാചകവാതക സിലിണ്ടര്‍ വില 256 രൂപ കൂട്ടി


കൊച്ചി: വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വന്‍ വര്‍ധനവ്. പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യദിനം തന്നെ 19 കിലോയുള്ള സിലിണ്ടറിന് 256 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്.
ഇതോടെ കൊച്ചിയിലെ വാണിജ്യ സിലിണ്ടര്‍ വില 2,256 രൂപയായി. വീടുകളില്‍ ഉപയോഗിക്കുന്ന പാചകവാതക വിലയില്‍ മാറ്റമില്ല. കഴിഞ്ഞ അഞ്ചുമാസത്തിനിടെ വാണിജ്യ എല്‍പിജി സിലിണ്ടറിന് 530 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ 19 കിലോഗ്രാം എല്‍പിജി സിലിണ്ടറിന് 346 രൂപയാണ് വര്‍ധിപ്പിച്ചത്.
നേരത്തെ മാര്‍ച്ച് ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 105 രൂപ വില കൂട്ടിയിരുന്നു. മുംബൈയിൽ 19 കിലോ ഗ്യാസ് സിലിണ്ടറിൻ്റെ വില 2205 രൂപ ആയി. കൊൽക്കത്തയിൽ 2351 രൂപയും ചെന്നൈയിൽ 2406 രൂപയുമാണ് വില.
അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം കേന്ദ്ര സർക്കാർ തുടർച്ചയായി പെട്രോൾ ഡീസൽ വില വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, ഇന്ന് പാചകവാതകത്തിന് വിലകൂട്ടിയപ്പോൾ പെട്രോൾ-ഡീസൽ നിരക്ക് വർധിച്ചിട്ടില്ല.