പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥിയെ റാഗ് ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ.
1 min read

പരപ്പനങ്ങാടി : പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജിലെ ഒന്നാം വർഷ ബി.എ സോഷ്യോളജി വിദ്യാർത്ഥിയെ റാഗ് ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ. താനൂർ എളാരം കടപ്പുറം കോട്ടിൽവീട്ടിൽ മുഹമ്മദ് മിസ്ഹബ് (20), താനാളൂർ ചുങ്കം മംഗലത്ത് വീട്ടിൽ ഫാരിസ് (22 ) എന്നിവരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും കോ-ഓപ്പറേറ്റീവ് കോളേജ് ബി.എ സോഷ്യോളജി മൂന്നാം വർഷ വിദ്യാർത്ഥികൾ ആണ്.
കണ്ണമംഗലം എരണിപ്പടി നാലുകണ്ടത്തിൽ വീട്ടിൽ ഗോപിയുടെ മകൻ രാഹുലി (21) നെ റാഗിങ്ങിന്റെ ഭാഗമായി പരപ്പനങ്ങാടി പ്രൈവറ്റ് ബസ് സ്റ്റാന്റിൽ വെച്ച് തടഞ്ഞ് നിർത്തി മുഖത്ത് അടിക്കുകയും നിലത്തിട്ട് നെഞ്ചിനും കഴുത്തിനും ചവിട്ടിയ കേസിലാണ് ഇവർ അറസ്റ്റിലായത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ ഇന്ന് (ബുധൻ) പുലർച്ചെ വീടുകളിൽ നിന്നായിരുന്നു പോലീസ് കസ്റ്റഡിയിൽ എടുത്തത്.
റാഗിംഗ് നിരോധന നിയമപ്രകാരവും 308 IPC പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യലിൽ പരാതിക്കാരനെ റാഗിങ്ങിന്റെ ഭാഗമായി ദേഹോപദ്രവം ചെയ്തതായി പ്രതികൾ സമ്മതിച്ചു. പരപ്പനങ്ങാടി എസ.ഐ. പ്രദീപ് കുമാർ, എസ്.ഐ. രാധാകൃഷ്ണൻ പോലീസുകാരായ ആൽബിൻ, ജിനേഷ്, സബറുദ്ദീൻ, അഭിമന്യു, വിപിൻ, സമ്മാസ് , സിന്ധുജ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.
പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ തിരൂർ സബ് ജയിലിൽ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. റാഗിംഗ് നിരോധന നിയമമനുസരിച്ച് കേസിൽ പ്രതിയായാൽ 3 വർഷത്തേക്ക് കുട്ടികളെ ഡീ ബാർ ചെയ്യുന്നതാണ്. മറ്റുള്ള പ്രതികളെ കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണെന്ന് പരപ്പനങ്ങാടി സി.ഐ.ഹണി കെ.ദാസ് പറഞ്ഞു.