NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സില്‍വര്‍ ലൈനിന്റെ പേരില്‍ ഉത്തര കൊറിയയില്‍ പോലും സംഭവിക്കാത്ത കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്: കെ.പി.എ. മജീദ്

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ കേരളത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് സര്‍ക്കാരിനോ സാധാരണ ജനത്തിനോ ഒരു രൂപവുമില്ലൈന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ. മജീദ് എം.എല്‍.എ. ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ വീടിന്റെ മുറ്റത്ത് സര്‍വേക്കല്ല് കാണുന്ന സാധാരണക്കാരാണ് പ്രതികരിക്കുന്നത്. ജനകീയ സമരം ആളിപ്പടരുമെന്നും സര്‍ക്കാരിന് പദ്ധതിയില്‍ നിന്ന് പിന്തിരിയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര കൊറിയയില്‍ പോലും സംഭവിക്കാത്ത കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. നേരം വെളുക്കുമ്പോള്‍ കുറെ മഞ്ഞക്കുറ്റികളുമായി ആരൊക്കെയോ വരുന്നു. ആരുടെയൊക്കെയോ പറമ്പുകളില്‍ കുറ്റി നാട്ടുന്നു. അതുവഴി കെ റെയില്‍ വരുമെന്ന് പറഞ്ഞ് പിരിഞ്ഞ് പോകുന്നു. എപ്പോഴാണ് കെ റെയില്‍ വരുന്നത്? എത്ര സ്ഥലമാണ് അളന്നെടുക്കുന്നത്? ആര്‍ക്ക് വേണ്ടിയാണ് കെ റെയില്‍?

ഒരാളുടെ സ്വകാര്യ സ്വത്തിലേക്ക് അനുവാദമില്ലാതെ അതിക്രമിച്ച് കടക്കാന്‍ സ്റ്റേറ്റിന് അധികാരമുണ്ടോ?
കെ. റെയിലിന് കേന്ദ്രാനുമതിയുണ്ടോ? ആര്‍ക്കും ഉത്തരമില്ല. അടുക്കളയിലെ അടുപ്പ് കല്ല് മാറ്റി സര്‍വ്വേക്കല്ല് നാട്ടുന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്. അവരെയാണ് മന്ത്രിമാരും സി.പി.എമ്മുകാരും തീവ്രവാദികളാക്കുന്നതെന്നും കെ.പി.എ മജീദ് പറഞ്ഞു.

ജനാധിപത്യം കാറ്റില്‍പറത്തി ഏകാധിപതിയെ പോലെ ഒരു മുഖ്യമന്ത്രി.
ഇത്രയേറെ ജനകീയ പ്രതിഷേധം നടന്നിട്ടും അദ്ദേഹത്തിന് ഒരു കുലുക്കവുമില്ല.
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കേരളമാകെ അലയടിക്കുന്ന ജനകീയ സമരത്തെ ചോരയില്‍ മുക്കി നേരിടാമെന്ന സര്‍ക്കാര്‍ മോഹം വെറുതെയാണെന്നും മജീദ് പറഞ്ഞു.

നന്ദിഗ്രാമില്‍ ഗ്രാമീണരെ കുരുതി കൊടുത്ത് ആര്‍ക്കും വേണ്ടാത്ത വികസനം കൊണ്ടുവരാന്‍ മെനക്കെട്ടതിന്റെ ചരിത്രം മറക്കാതിരിക്കുന്നതാണ് നല്ലത്.

പശ്ചിമബംഗാളില്‍ സി.പി.ഐ.എം ഉപ്പുതൊട്ട കലം പോലെയായത് ഈ സംഭവത്തിന് ശേഷമാണ്.
കേരളത്തില്‍ പശ്ചിമബംഗാള്‍ ആവര്‍ത്തിക്കാനുള്ള ആര്‍ത്തിയാണ് സി.പി.ഐ.എം കാണിക്കുന്നത്. ഇരകളായ സഖാക്കളെ പോലും ബോധ്യപ്പെടുത്താന്‍ കഴിയാത്ത സില്‍വര്‍ ലൈന്‍ കേരളത്തിന്റെ നെഞ്ച് പിളര്‍ത്തുമ്പോള്‍ സ്വന്തം കുഴി തോണ്ടുകയാണെന്ന കാര്യം സര്‍ക്കാര്‍ മറക്കരുതെന്നും മജീദ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റ്

 

Leave a Reply

Your email address will not be published.