പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം ഫിഷറീസ് കോളനി പുതുക്കിപ്പണിയാന്‍ തീരുമാനം


തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി പുത്തന്‍കടപ്പുറം ഫിഷറീസ് കോളനിയിലെ ഇരട്ട വീടുകള്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഫ്‌ളാറ്റ് രൂപത്തില്‍ പുതുക്കി പണിയുന്നതിന് തീരുമാനം. കെ.പി.എ മജീദ് എം. എല്‍.എയുടെ ആവശ്യപ്രകാരം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
ഇതിനാവശ്യമായ പ്ലാനും മറ്റും തയാറാക്കുന്നതിന് യോഗം ചേരാനും തീരുമാനമായി. നിലവില്‍ 20 ഇരട്ട വീടുകളിലായി 40 കുടുംബങ്ങളാണ് ഇരട്ട വീടുകളില്‍ താമസിക്കുന്നത്. അതിനു പുറമെ വേറെയും കുടുംബങ്ങള്‍ ഈ കോളനിയില്‍ താമസിക്കുന്നുണ്ട്. ഫ്‌ളാറ്റ് സംവിധാനത്തിലുള്ള താമസ സമുച്ചയമാണ് നിര്‍മിക്കുക. ബാക്കി വരുന്ന സ്ഥലത്ത് ഇവര്‍ക്ക് ആവശ്യമായ മറ്റു സൗകര്യങ്ങള്‍ കൂടി ഒരുക്കും.
1.96 ഏക്കര്‍ സ്ഥലമാണ് ഇവിടെ നിലവിലുള്ളത്. ഫ്‌ളാറ്റുകള്‍ നിര്‍മിക്കുന്നതിനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഈ സ്ഥലം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തും. യോഗത്തില്‍ പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ചിത്ര, ഹാര്‍ബര്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ മമ്മു, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശാഹുല്‍ ഹമീദ്, ഉമ്മര്‍ ഒട്ടുമ്മല്‍, ടി.കെ നാസര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.