NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ദിവസക്കൂലിക്ക് ബന്ധുക്കളെ ഇറക്കി വിവാഹ തട്ടിപ്പ്; ലക്ഷങ്ങള്‍ തട്ടിയ യുവാക്കള്‍ അറസ്റ്റില്‍

മലപ്പുറത്ത് സ്വകാര്യകമ്പനിയിലെ ഉയര്‍ന്ന ജോലിക്കാരാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വിവാഹം ഉറപ്പിക്കുകയും വധുവിന്റെ വീട്ടുകാരില്‍ നിന്ന് പണം തട്ടുകയും ചെയ്ത കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം ചങ്ങരംകുളയിലാണ് സംഭവം. കോഴിക്കോട് സ്വദേശി അക്ഷയ്, സുഹൃത്തും സബായിയുമാ കൊല്ലം സ്വദേശി അജി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഉയര്‍ന്ന ജോലിക്കാരനാണ് എന്ന് പറഞ്ഞ അക്ഷയ് ദിവസക്കൂലിക്ക് ബന്ധുക്കളെ വാടകയ്‌ക്കെടുത്താണ് വധുവിന്റെ വീട്ടില്‍ വിവാഹാലോചനയുമായി എത്തിയത്. കഴിഞ്ഞ വര്‍ഷം ആര്‍ഭാടമായി നിശ്ചയം നടത്തുകയും ചെയ്തിരുന്നു. പിന്നീട് പിതാവിന്റെ ആരോഗ്യനില മോശമാണ്. അത്യാസന്ന നിലയില്‍ ആശുപത്രിയിലാണ് എന്നും പറഞ്ഞ് വധുവിന്റെ വീട്ടുകാരില്‍ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. പത്ത് ലക്ഷത്തോളം രൂപയാണ് തട്ടിയത്.

പിന്നീട് യുവാവിന്റെ പെരുമാറ്റത്തിലുണ്ടായ മാറ്റം രക്ഷിതാക്കളില്‍ സംശയം ഉണ്ടാക്കുകയും തുടര്‍ന്ന നടത്തിയ അന്വേഷണത്തില്‍ വിവാഹത്തട്ടിപ്പാണ് എന്ന് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്നാണ് ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കിയത്.

പിടിയിലായ അക്ഷയും അജിയും വിസ തട്ടിപ്പ് അടക്കം കേരളത്തില്‍ പലയിടങ്ങളിലും തട്ടിപ്പ് നടത്തുന്നവരാണെന്ന് പൊലീസ് അറിയിച്ചു. വിദേശ രാജ്യങ്ങളിലേക്ക് വിസ സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ രണ്ടര കോടിയോളം രൂപ പലരില്‍ നിന്നായി തട്ടിയെടുത്തിട്ടുണ്ട്. കൊടുങ്ങല്ലൂര്‍, കൊല്ലം ക്രൈം ബ്രാഞ്ച്, കൊരട്ടി, വണ്ടൂര്‍, കോഴിക്കോട് നല്ലളം, പാലക്കാട് വടക്കഞ്ചേരി, പാണ്ടിക്കാട്, കണ്ണൂര്‍, കോട്ടയം കിടങ്ങൂര്‍ എന്നിവിടങ്ങളില്‍ ഇവര്‍ക്കെതിരെ പരാതികള്‍ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.