ന്യൂട്ടന്റെ ആപ്പിൾ മരം ‘യൂനിസ്’ കൊടുങ്കാറ്റിൽ നിലംപൊത്തി.


കേംബ്രിഡ്ജ് സർവകലാശാല ബൊട്ടാണിക്കൽ ഗാർഡനിലുണ്ടായിരുന്ന ‘ന്യൂട്ടന്റെ ആപ്പിൾ മരം’ കൊടുങ്കാറ്റിൽ നിലംപൊത്തി. സർ ഐസക് ന്യൂട്ടന്‍ ഗുരുത്വാകർഷണ ബലം കണ്ടുപിടിക്കാൻ നിമിത്തമായ യഥാർഥ ആപ്പിൾ മരത്തിന്റെ ജനിതക പകര്‍പ്പിലൊന്നാണ് കടപുഴകിവീണത്. 68 വർഷം പഴക്കമുള്ള ആപ്പിൾ മരമാണ് കഴിഞ്ഞദിവസമുണ്ടായ ‘യൂനിസ്’ കൊടുങ്കാറ്റിൽ കടപുഴകിയത്.
1954ലാണ് ഈ മരം കേംബ്രിഡ്ജ് സർവകലാശാലയിലെ ബൊട്ടാണിക്കൽ ഗാർഡനിൽ നട്ടുപിടിപ്പിച്ചത്. ന്യൂട്ടന്റെ തലയിൽ വീണ ആപ്പിൾ കായ്ച്ച മരത്തിൽ നിന്നെടുത്ത ക്ലോണിലൂടെ 1954ലാണ് ബ്രൂക്ക്സൈഡ് പ്രവേശനകവാടത്തിൽ ഈ മരം നട്ടതെന്ന് ബോട്ടാനിക്ക് ഗാർഡൻ ക്യുറേറ്റർ ആയ ഡോ. സാമുവൽ ബ്രോക്കിങ്ടൺ പറഞ്ഞു. ഇപ്പോൾ നിലംപൊത്തിയ മരത്തിൽ നിന്നുള്ള ക്ലോൺ തങ്ങളുടെ പക്കലുണ്ടെന്നും ഗാർഡന്റെ ഏതെങ്കിലുമൊരു ഭാഗത്ത് ഇതു നടുമെന്നും ബോട്ടാനിക് ഗാർഡൻ അധികൃതർ അറിയിച്ചു.
ന്യൂട്ടന്റെ തലയിലേക്ക് ആപ്പിൾ പൊഴിച്ച യഥാർഥ മരം ലിങ്കൺഷയറിലെ ഗ്രാൻതാമിലെ വൂൽസ്ത്രോപ്പ് മനാറിലാണ് നിലനിന്നിരുന്നത്. 19ാം നൂറ്റാണ്ടിലെ കൊടുങ്കാറ്റിൽ മരം നാശത്തിന്റെ വക്കിലെത്തിയെങ്കിലും ഗ്രാഫ്റ്റിങ്ങിലൂടെ പുതിയ തൈകൾ ഉണ്ടാക്കുകയായിരുന്നു. കേംബ്രിഡ്ജിൽ നിലംപൊത്തിയ ന്യൂട്ടന്റെ ആപ്പിൾമരം വലിയൊരു നഷ്ടം തന്നെയാണെന്നും മരത്തിന് മുമ്പേ ചെറിയ ഫംഗസ് ബാധ ഉണ്ടായിരുന്നുവെന്നും ഡോ. ബ്രോക്കിങ്ടൺ പറയുന്നു. ഇതിനാൽ തന്നെ മരത്തിൽ നിന്ന് ക്ലോൺ ശേഖരണം നടത്തി പുതിയ തൈകൾ വളർത്തിയെടുത്തിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.