രണ്ട് വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂര മര്‍ദനം; തലയോട്ടിക്ക് ക്ഷതമേറ്റ് കുട്ടി വെന്റിലേറ്ററില്‍


തൃക്കാക്കര: എറണാകുളം തൃക്കാക്കരയില്‍ രണ്ട് വയസുകാരിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ കുട്ടി കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലാണ്.
തിങ്കളാഴ്ച പുലര്‍ച്ച ഒരു മണിയോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്മയും അമ്മൂമ്മയുമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
എന്നാല്‍ കുട്ടിയുടെ അമ്മയില്‍ നിന്നും അമ്മൂമ്മയില്‍ നിന്നും മൊഴിയെടുത്തപ്പോള്‍ വ്യത്യസത മൊഴിയായിരുന്നു ഇരുവരും നല്‍കിയത്.
കുട്ടിക്ക് ഹൈപ്പര്‍ ആക്ടീവ് സ്വഭാവമുണ്ടെന്നും കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മുകളില്‍ നിന്ന് വീണാണ് അപകടമുണ്ടായതെന്നുമാണ് അമ്മ മൊഴി നല്‍കിയത്.
അതേസമയം, മര്‍ദനമുണ്ടായെന്നും ചിലര്‍ കുട്ടിയെ അടിച്ചെന്നുമാണ് അമ്മൂമ്മ പറഞ്ഞത്. ഇതോടെയാണ് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുന്നത്. തൃക്കാക്കര പൊലീസെത്തി വിശദമായി മൊഴിയെടുത്തപ്പോഴാണ് രണ്ടാനച്ഛന്റെ മര്‍ദനം കുറച്ച് ദിവസങ്ങളിലായി കുട്ടിക്ക് അനുഭവിക്കേണ്ടി വന്നെന്ന് കണ്ടെത്തിയത്. കുട്ടിയുടെ അമ്മയുടെ ആദ്യ ഭര്‍ത്താവ് വിവാഹ മോചന നടപടികളുമായി മുന്നോട്ട് പോവുകയാണ്. എന്നാല്‍ രണ്ടാനച്ഛനെ കുറിച്ച് യാതൊരു വിവരവും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.