പരിശീലനം ശരിയായി നടന്നില്ലെങ്കില്‍ സമൂഹത്തിന് തന്നെ വിനയാകും; പൊലീസിന് എതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി


പാസിംഗ് ഔട്ട് പരേഡില്‍ പൊലീസ് സേനയെ വിമര്‍ശിച്ചും അഭിനന്ദിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കേട്ടാല്‍ അറപ്പുളവാക്കുന്നതാകരുത് പൊലീസിന്റെ വാക്കുകളെന്നും സേനയുടെ ജനാഭിമുഖ്യമായ മുഖം കേരളം തിരിച്ചറിഞ്ഞ കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ സംസ്‌കാരത്തിനനുസരിച്ചുള്ള പൊലീസ് സേനയാണ് വേണ്ടത്. എന്നാല്‍ പഴയതിന്റെ തികട്ടലുകള്‍ ഇപ്പോഴും സേനയിലെ ചിലരില്‍ അവശേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസിന് നല്‍കുന്ന പരിശീലനം ശരിയായ നിലയിലല്ലെങ്കില്‍ സമൂഹത്തിന് അത് വിനയാകും. പഴയ കാലത്ത് പൊലീസിനെ ഉപയോഗിച്ചിരുന്നത് അടിച്ചമര്‍ത്താന്‍ ആയിരുന്നു. ആ കാലം മാറിയെങ്കിലും പൊലീസ് സേനയില്‍ വലിയ മാറ്റം ഉണ്ടായില്ല. സാധാരണ സമ്പ്രദായങ്ങളില്‍ നിന്ന് പാസിംഗ് ഔട്ട് പരേഡില്‍ മാറ്റം വരുത്തണം. ഉത്തരവാദപ്പെട്ടവര്‍ അത് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാലം മാറിയപ്പൊ കേരളത്തില്‍ വലിയ മാറ്റങ്ങള്‍ വന്നു. 1957 ലെ ഇ എം എസ് സര്‍ക്കാരാണ് അത് വരെയുണ്ടായിരുന്ന പൊലീസ് സമ്പ്രാദയങ്ങളെ മാറ്റിയത്. പൊലീസിന്റെ പുതിയ മുഖം വെളിവാക്കപ്പെട്ട കാലം കൂടിയാണ് ഇത്. ജനങ്ങളെ ആപത് ഘട്ടത്തില്‍ രക്ഷിക്കുന്നവരായി പൊലീസ് മാറി.
പ്രളയം, കൊവിഡ് തുടങ്ങിയ ഘട്ടങ്ങളിലെല്ലാം പൊലീസിന്റെ ജനാഭിമുഖ്യമായ മുഖം കണ്ടു.
ഇതിന് ഉതകുന്ന മാറ്റങ്ങള്‍ പരിശീലനത്തിലും ഉണ്ടാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ എസ് ഐമാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.