സ്കൂളുകള്‍ പൂര്‍ണമായി അടക്കും; നാളെമുതൽ ഓൺലൈൻ ക്ലാസുകൾ, ഞായറാഴ്ചകളിൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണം;


തിരുവനന്തപുരം;
കൊവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കാനാണ് തീരുമാനം. ഇന്ന് ചേര്‍ന്ന് കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണം സംബന്ധിച്ച തീരുമാനം ഉണ്ടായത്. 23, 30 തീയതികളിലാണ് നിയന്ത്രണം. ഈ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. സ്കൂളുകൾ പൂർണമായും അടയ്ക്കാനും തീരുമാനമായി.10, 11, 12 ക്ലാസുകളും നാളെ മുതൽ അടക്കും.
സ്കൂളുകൾ പൂർണ്ണമായും നാളെ മുതൽ ഓൺലൈൻ ക്ലാസുകളിലേക്ക് മാറാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലുള്ളവർക്കായിരുന്നു 21 മുതൽ ഓൺലൈൻ ക്ലാസുകൾ അനുവദിച്ചിരുന്നത്. പത്ത് മുതൽ പ്ലസ്ടുവരെയുള്ളവർക്കും നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ നടത്തും. രാത്രികാല കർഫ്യൂവേണ്ടെന്ന് അവലോകനയോഗം തീരുമാനിച്ചു. ജില്ലകളെ തരംതിരിച്ച് നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചു. രോഗികളുടെ എണ്ണവും ആശുപത്രി സൗകര്യവും പരിഗണിച്ചാണ് ജില്ലകളെ തരംതിരിക്കുക.
അതേസമയം, സംസ്ഥാനത്തെ പതിദിന കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം പിന്നിട്ട നിലയിലാണ്. കേരളത്തില്‍ 46,387 പേര്‍ക്കാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,357 സാമ്പിളുകളാണ് പരിശോധിച്ചത്.