കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരന്‍ മര്‍ദ്ദിച്ചു; പരാതിയുമായി സ്ത്രീ


കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരന്‍ സ്ത്രീയുടെ മുഖത്ത് അടിച്ചതായി പരാതി. വയനാട് സ്വദേശിയായ സക്കീനയ്ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയതായി സക്കീന പറഞ്ഞു.
ഇന്ന് രാവിലെയാണ് സംഭവം. കുടുംബത്തോടൊപ്പം മെഡിക്കല്‍ കോളജില്‍ എത്തിയ സക്കീനയെ മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മര്‍ദ്ദിച്ചത്. മരുമകള്‍ക്ക് ചികിത്സാരേഖകള്‍ നല്‍കാനായി അകത്തേക്ക് പ്രവേശിക്കാന്‍ തുടങ്ങിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഇവരെ തള്ളി മാറ്റി തുടര്‍ന്ന് തര്‍ക്കമായി. ഇതിന് പിന്നാലെ ജീവനക്കാരന്‍ മര്‍ദ്ദിക്കുകയായിരുന്നു.
മകന്റെ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലെത്തിയാണ് സക്കീന. ചാർട്ട് തന്റെ കൈയില്‍ ആയിരുന്നു എന്നും അത് ആശുപത്രിക്ക് അകത്തായിരുന്ന മരുമകള്‍ക്ക് നല്‍കാന്‍ പോയപ്പോഴാണ് സംഭവം ഉണ്ടായത് എന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ വീഡിയോ എടുക്കാന്‍ ശ്രമിച്ചെന്നും അപ്പോള്‍ ജീവനക്കാരന്‍ ഫോണ്‍ പിടിച്ചുവാങ്ങി മര്‍ദ്ദിക്കുകയായിരുന്നു എന്നും സക്കീന പറഞ്ഞു. സംഭവം ചോദ്യം ചെയ്യാന്‍ പോയ സക്കീനയുടെ മകനും മര്‍ദ്ദനമേറ്റു.