പൊലീസില്‍ ചുരുക്കം ചിലര്‍ക്ക് തെറ്റായ സമീപനം, തിരുത്തുമെന്ന് മുഖ്യമന്ത്രി


സംസ്ഥാനത്ത് പൊലീസില്‍ ചിലര്‍ക്ക് തെറ്റായ സമീപനമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചുരുക്കം ചിലര്‍ക്ക് തെറ്റായ സമീപനമാണ് പൊതുജനങ്ങളോട് ഉള്ളത്. അവരെ തിരുത്തും. എന്നാല്‍ അതിന്റെ പേരില്‍ പൊലീസിനെ മുഴുവനായും കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിന് എതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പൊലീസില്‍ പോരായ്മകളും പ്രശ്‌നങ്ങളുമുണ്ട്. തെറ്റായ പ്രവണതയിലേക്ക് പോയവരെ തിരിച്ച് കൊണ്ടുവരണം. തെറ്റ് തിരുത്തുന്നതിന് ആവശ്യമായ നടപടികളാണ് ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അലന്‍ താഹ വിഷയത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. യുവജന രംഗത്ത് എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും ഉള്ളവര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കണം. ആരെങ്കിലും വഴി തെറ്റുകയാണെങ്കില്‍ അവരെ നേരായ വഴിയിലേക്ക് കൊണ്ടു വരാനുള്ള ശ്രമം നടക്കണം. അകാരണമായി ആരേയും ജയിലില്‍ അടക്കണമെന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് പാര്‍ട്ടി പ്രതിനിധികള്‍ ഉന്നയിച്ചത്. യു.എ.പി.എ ചുമത്താനുള്ള കുറ്റം അലനും താഹയും ചെയ്തിട്ടുണ്ടോയെന്നാണ് സമ്മേളനത്തില്‍ പ്രതിനിധികള്‍ ചോദിച്ചത്. യു.എ.പി.എ വിഷയത്തില്‍ ദേശീയതലത്തില്‍ സി.പി.എം എതിര്‍ നിലപാടാണ് സ്വീകരിക്കുന്നത്. യു.എ.പി.എ കേരളത്തില്‍ ഇങ്ങനെ നടപ്പാക്കേണ്ടതുണ്ടോ എന്ന് അവര്‍ ചോദിച്ചു. ന്യായമായ വിഷയങ്ങളില്‍ പോലും പൊലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ മോശമായിട്ടാണ് പെരുമാറുന്നതെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തിയിരുന്നു.