NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മുസ്ലിം യൂത്ത്‌ലീഗ് നേതാവിന് നേരെ ആക്രമണം; പരിക്കേറ്റ യുവാവ് ആശുപത്രിയിൽ, ഒരാള്‍ കസ്റ്റഡിയില്‍

1 min read

തിരൂരങ്ങാടി: മുസ്ലിം യൂത്ത്‌ലീഗ് നേതാവിന് നേരെ ലഹരി മാഫിയയുടെ ആക്രമണത്തില്‍ പരിക്ക്. തിരൂരങ്ങാടി മുന്‍സിപ്പല്‍ മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് സി.എച്ച് അബൂബക്കര്‍ സിദ്ധീഖിന് നേരെയാണ് കഞ്ചാവ് ലഹരി മാഫിയ ആക്രമണം നടത്തിയത്. സ്‌കൂള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ലഹരി എത്തിക്കുന്ന സംഘത്തെ കുറിച്ച് എക്‌സൈസിന് വിവരം നല്‍കിയത് സിദ്ധീഖാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.തിരൂരങ്ങാടി വെള്ളിലക്കാട് റോഡില്‍ തിങ്കളാഴ്ച വൈകീട്ട് നാല് മണിക്കാണ് സംഭവം.

തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി റോഡിലൂടെ വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന സിദ്ധീഖിനെ എറിഞ്ഞു വീഴ്ത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടുകയും ആഞ്ഞടിക്കുകയും ചെയ്തതായും കല്ല് കൊണ്ട് നെഞ്ചത്ത് കുത്തി പരിക്കേല്‍പ്പിച്ചതായും അബൂബക്കര്‍ സിദ്ധീഖ് പറഞ്ഞു. ആക്രമണത്തില്‍ നെഞ്ചിന് പരിക്കേറ്റ സിദ്ധീഖിന്റെ കീശയിലുണ്ടായിരുന്ന മൊബൈല്‍ ഫോണും തകര്‍ന്നു.

പ്രദേശവാസികളായ മെഹബൂബ്, മഹ്മൂദ് എന്നീ യുവാക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് അബൂബക്കര്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് തിരൂരങ്ങാടിയിലും പരിസര പ്രദേശത്തും കഞ്ചാവ് ലഹരി ഉപയോഗവും വില്‍പ്പനയും സജീവമായി നടക്കുന്നതായ വിവരം എക്സൈസിന് നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് യുവാക്കളുടെ ആക്രണമുണ്ടായത്. തിരൂരങ്ങാടി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പരിസരങ്ങളിലും അനുബന്ധ റോഡുകളിലും ലഹരി ഉപയോഗവും വില്‍പ്പനയും നടക്കുന്നതായാണ് വിവരം. നേരത്തെ ഇതിനെതിരെ പ്രതികരിച്ചതിന് ലഹരി സംഘത്തിന്റെ അതിക്രമങ്ങള്‍ നേരിട്ടിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് തിരൂരങ്ങാടി സ്‌കൂളുകളില്‍ നടന്ന അക്രമ-മോഷണ സംഭവങ്ങള്‍ക്ക് പിന്നിലും ലഹരി മാഫിയകളാണെന്നും സിദ്ധീഖ് പറഞ്ഞു. പരിക്കേറ്റ സിദ്ധീഖ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. ആക്രമിച്ച ഒരാളെ തിങ്കളാഴ്ച വൈകീട്ടോടെ തിരൂരങ്ങാടി പോലീസ് കസ്റ്റടിയിലെടുത്തു. തിരൂരങ്ങാടി പള്ളിപറമ്പ് സ്വദേശി കറുത്തോമാട്ടിൽ മഹ്മൂദ് (45)നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിദ്ധീഖിനെ മുസ്ലിം യൂത്ത്‌ലീഗ് നേതാക്കളായ മണ്ഡലം ജനറല്‍ സെക്രട്ടറി യു.എ റസാഖ്, കെ. മുഈനുല്‍ ഇസ്്‌ലാം, അയ്യൂബ് തലാപ്പില്‍, ജാഫര്‍ കുന്നത്തേരി, അരിമ്പ്ര മുഹമ്മദലി, ഷമീര്‍ വലിയാട്ട്, സി.എച്ച് അജാസ്, അനസ് എന്നിവർ സന്ദർശിച്ചു .

ലഹരി മാഫിയക്കെതിരെ അധികൃതര്‍ ശക്തമായ നടപടിയെടുക്കണെന്നും പ്രതികളെ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചു. സി.എച്ച് മഹ്മൂദ് ഹാജി, എം. അബ്ദുറഹ്മാന്‍ കുട്ടി, സി.എച്ച് അയ്യൂബ് പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published.