NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

രാത്രികാല പരിശോധന ; കാവലും കരുതലുമായി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ, ഉറക്കമൊഴിച്ച് ജാഗ്രതയോടെ…

1 min read

തിരൂരങ്ങാടി: നിങ്ങളുടെ വെളിച്ചം മറ്റൊരു കുടുംബത്തിന് ഇരുട്ടാകാതിരിക്കട്ടെ. നെഞ്ച് തൊട്ടോതുന്ന ഈ ഉപദേശത്തിലൂടെ ഓരോ ഡ്രൈവറുടെയും ഉള്ളുണർത്തുകയാണ് തിരൂരങ്ങാടിയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. തീർത്ഥാടന- ആഘോഷ കാലത്തെ രാത്രി അപകടങ്ങൾക്ക് അറുതി വരുത്താൻ ഉറക്കമൊഴിഞ്ഞ് യത്നിക്കുകയാണിവർ. അമിത ലൈറ്റുകളുടെ അപകടവും സീറ്റ്ബെൽറ്റ്, ഹെൽമറ്റ് എന്നിയുടെ ആവശ്യകതയെയും കുറിച്ച ബോധവൽക്കരണവുമായും നിരത്തിൽ കർമ്മനിരതരാണിവർ.

 

പുതുവത്സരം പ്രമാണിച്ചും മകരജ്യോതിയോടനുബന്ധിച്ച് നിരത്തുകളിൽ തിരക്ക് വർധിക്കാനുള്ള സാഹചര്യം കണക്കിലെടുത്തും മറുനാട്ടിൽ നിന്നെത്തുന്ന വാഹനങ്ങൾ സുരക്ഷിതമായി കടത്തിവിടുക എന്ന ലക്ഷ്യം വെച്ചുമാണ് രാത്രികാല ബോധവൽക്കരണം. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നട തുടങ്ങി വിവിധ ഭാഷകളിൽ വട്ടപ്പാറ പോലുള്ള അപകട മേഖലകളെ കുറിച്ച് അവബോധം നൽകുന്നു.

 

ലഘുലേഖ വിതരണവും ബോധവൽക്കരണവും മാറ്റത്തിൻ്റെ സന്ദേശമാണ് നൽകുന്നതെന്ന് ഡ്രൈവർമാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ. എം.പി അബ്ദുൽ സുബൈറിൻ്റെ നിർദ്ദേശപ്രകാരം എം.വി.ഐ. എം.കെ. പ്രമോദ് ശങ്കർ എ.എം.വി.ഐ മാരായ കെ. സന്തോഷ് കുമാർ, കെ. അശോക് കുമാർ, എൻ. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് ദേശീയപാത യൂണിവേഴ്സിറ്റി, ചേളാരി, തലപ്പാറ, കൊളപ്പുറം, കക്കാട്, പൂക്കിപ്പറമ്പ്, കോട്ടക്കൽ, എന്നീ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വാഹന പരിശോധനയും ബോധവൽക്കരണവും നടക്കുന്നത്. നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തി.

Leave a Reply

Your email address will not be published.