വാളയാറിലെ പെൺകുട്ടികളുടേത് ആത്മഹത്യയെന്ന് സിബിഐയും; പൊലീസ് കണ്ടെത്തിയവരെ തന്നെ പ്രതികളാക്കി കുറ്റപത്രം


വാളയാറിലെ സഹോദരിമാരായ പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന് സി.ബി.ഐയും. പൊലീസ് പ്രതിചേർത്തവരെ തന്നെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. നിരന്തരമായ പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന പൊലീസിന്റെ വാദം തന്നെയാണ് സി.ബി.ഐയും പറയുന്നത്.
പാലക്കാട് പോക്സോ കോടതിയിലാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്. ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിന് വലിയ മധു, ഷിബു മധു എന്നിവരാണ് പ്രതികൾ. രണ്ടാമത്തെ കുട്ടിയുടെ മരണത്തിൽ വലിയ മധുവും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമാണ് പ്രതികൾ. ബലാൽസംഗം, പോക്സോ, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസം കഴിഞ്ഞ് മാര്‍ച്ച് നാലിന് ഇതേ വീട്ടിൽ അനുജത്തി ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്‍റെ ഉത്തരത്തില്‍ ഒമ്പത് വയസ്സുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് സംശയം ബലപ്പെടുന്നത്.