NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എല്ലാവരും അക്രമികളല്ല, അന്തര്‍ സംസ്ഥാന തൊഴിലാളികളെ വേട്ടയാടരുതെന്ന് സ്പീക്കര്‍

എറണാകുളം കിഴക്കമ്പലത്ത് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് സ്പീക്കര്‍ എം ബി രാജേഷ്. സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്തുള്ള മുഴുവന്‍ അന്തര്‍ സംസ്ഥാന തൊഴിലാളികളേയും വേട്ടയാടുന്ന സ്ഥിതി ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും അക്രമികളല്ല. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ അങ്ങനെ മാത്രം കണ്ടാല്‍ മതിയെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ആരേയും ആക്രമിക്കാന്‍ പാടില്ല. കേരളത്തില്‍ 25 ലക്ഷത്തിലധികം വരുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ഉണ്ട്. അവരെ മുഴുവന്‍ അക്രമികള്‍ എന്ന് നിലയില്‍ കാണരുതെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു.

ഇന്നലെ രാത്രിയാണ് കിഴക്കമ്പലം കിറ്റെക്‌സിലെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പില്‍ സംഘര്‍ഷമുണ്ടായത്. ക്രിസ്മസ് ആഘോഷത്തെ തുടര്‍ന്ന് രണ്ട് വിഭാഗം ആളുകള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സുരക്ഷാ ജീവനക്കാര്‍ എത്തി തടയാന്‍ ശ്രമിച്ചെങ്കിലും അവരേയും ആക്രമിച്ചു. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസുകാരെയും സംഘം ആക്രമിച്ചു. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ ജീപ്പ് ഇവര്‍ കത്തിച്ചു. ആക്രമണത്തില്‍ പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുന്നത്തുനാട് സിഐ ഷാജു അടക്കം അഞ്ച് പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

സംഭവത്തിന് പിന്നാലെ 120 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തിക്ക് പറഞ്ഞു. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മണിപ്പൂര്‍, നാഗാലാന്റ് എന്നിവിടങ്ങളില്‍ നിന്ന് വന്ന തൊഴിലാളികളാണ് ഏറ്റുമുട്ടിയത്. അഞ്ഞൂറില്‍ അധികം തൊഴിലാളികള്‍ക്ക് സംഘര്‍ഷത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published.